മാലിന്യം അടിഞ്ഞുകൂടി ഒഴുക്ക് തടസ്സപ്പെട്ടു; കനാൽവെള്ളം വീടുകളിലേക്ക്

Mail This Article
ചിറ്റൂർ ∙ മാലിന്യം അടിഞ്ഞുകൂടി ഒഴുക്ക് തടസ്സപ്പെട്ടതോടെ കനാൽവെള്ളം വീടുകളിലേക്ക് ഇരച്ചുകയറി. വീടുപണിക്കായി റോഡരികിൽ കൂട്ടിയിട്ട മണൽ ഉൾപ്പെടെ ഒഴുകിപ്പോയി. ഇന്നലെ രാവിലെ 10 മണിയോടെ തെക്കേഗ്രാമത്തിലെ വീടുകളിലാണ് വെള്ളം കയറിയത്. ഈ കനാലിലൂടെ വെള്ളം തുറന്നാൽ തടസ്സം നേരിടുന്നതും വെള്ളം വീടുകളിൽ കയറുന്നതും പതിവാണെന്ന് പ്രദേശവാസികൾ ആരോപിച്ചു.ഏറെ പ്രായമായവരും തനിച്ചു താമസിക്കുന്നവരുമായി ഒട്ടേറെ ആളുകളാണ് ഗ്രാമത്തിലുള്ളത്. വെള്ളത്തിനൊപ്പം മനുഷ്യ വിസർജ്യം ഉൾപ്പെടെയുള്ള മാലിന്യങ്ങളും ഇഴജന്തുക്കളും വീടുകളിലെത്തുന്നുണ്ടത്രെ.കൗൺസിലർ ആർ.കിഷോർകുമാർ വിവരമറിയിച്ചതിനെ തുടർന്ന് ചിറ്റൂർ–തത്തമംഗലം നഗരസഭാധ്യക്ഷ കെ.എൽ.കവിത സ്ഥലത്തെത്തി. ജലസേചന വകുപ്പിന്റെ അനാസ്ഥയാണ് പ്രശ്നത്തിനു കാരണമെന്ന് കവിതയും കിഷോറും ആരോപിച്ചു. മുൻപ് ഇത്തരം സംഭവം ഉണ്ടായപ്പോൾതന്നെ വെള്ളം തുറക്കുന്നതിനു മുൻപ് കനാൽ വൃത്തിയാക്കണമെന്ന് പറഞ്ഞിരുന്നതാണ്.
അതിനായി തൊഴിലാളികളെ വിട്ടു നൽകുന്നതുൾപ്പെടെയുള്ള എന്തു സഹായവും ചെയ്യാമെന്നും അറിയിച്ചിരുന്നു. എന്നാൽ മുന്നറിയിപ്പു നൽകാതെ വെള്ളം തുറന്നതാണ് പ്രശ്നത്തിനു കാരണമെന്ന് ജനപ്രതിനിധികൾ ആരോപിച്ചു.പ്രദേശത്തെ കനാലിലെ മണ്ണും ചെളിയും നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്ന് കൗൺസിലർ കിഷോർകുമാർ കൗൺസിൽ യോഗത്തിൽ പലതവണ പറഞ്ഞിരുന്നു. എന്നാൽ ജലസേചന വകുപ്പിന്റെ കനാലിൽ പ്രവൃത്തികൾ ചെയ്യാൻ നഗരസഭയ്ക്ക് അനുമതി നൽകാത്തതും പ്രതിസന്ധിയാകുന്നുണ്ട്. മുൻപ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വൃത്തിയാക്കിയിരുന്നപ്പോൾ പ്രശ്നങ്ങളില്ലാതെ പോയിരുന്നതാണ്. വിഷയത്തിൽ ശാശ്വത പരിഹാരം കാണാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അതിനുള്ള എല്ലാ പിന്തുണയും നഗരസഭയുടെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും നഗരസഭാധ്യക്ഷ ജലസേചന വകുപ്പ് അധികൃതരോട് പറഞ്ഞു.തേമ്പാറമടക്ക് സിസ്റ്റത്തിൽ നിന്നും വരുന്ന വാക്കോട് ബ്രാഞ്ച് കനാലാണിത്. ഈ കനാലിൽ പലയിടത്തും തടസ്സം നേരിടുന്നത് പതിവാണ്. ദിവസങ്ങൾക്കു മുൻപ് ചിറ്റൂർ നഗരത്തിൽ സമാന സംഭവം ഉണ്ടാവുകയും കച്ചവട സ്ഥാപനങ്ങളിൽ ഉൾപ്പെടെ വെള്ളം കയറുന്ന സ്ഥിതിയുണ്ടാവുകയും ചെയ്തു.