സ്വന്തം ഗ്രൂപ്പുമായി മുന്നോട്ടു പോകാമെന്ന് ആരും വിചാരിക്കേണ്ട: സിപിഎം നേതൃത്വം

Mail This Article
ചിറ്റൂർ ∙ വ്യക്തികളെ കേന്ദ്രീകരിച്ചുള്ള വിഭാഗീയതയുമായി ഇനിയും മുന്നോട്ടുപോകാമെന്ന് ആരും വിചാരിക്കേണ്ടെന്നു സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ താക്കീത്.അത്തരത്തിലുള്ള ഒരു നീക്കവും വച്ചുപൊറുപ്പിക്കുന്ന പ്രശ്നമില്ലെന്നും വീഴ്ചകളും തെറ്റുകളും വ്യക്തമായാൽ, ഏതു മുതിർന്ന നേതാവായാലും സ്ഥാനത്തുണ്ടാകില്ലെന്നും ജില്ലാ സമ്മേളനത്തിനുള്ള മറുപടിയിൽ നേതൃത്വം വ്യക്തമാക്കി.പാർട്ടിയുടെ കർശന നിലപാടിന് ഉദാഹരണമാണ് പി.കെ.ശശിയെന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. അതിന്റെ ഭാഗമായി മണ്ണാർക്കാട് ഏരിയ കമ്മിറ്റിതന്നെ പിരിച്ചുവിട്ടു പുതിയ കമ്മിറ്റിയുണ്ടാക്കി.ഇ.പി.ജയരാജനുമായി ബന്ധപ്പെട്ട വിവാദത്തിലും തക്കസമയത്ത് ഇടപെട്ടു. ഉപതിരഞ്ഞെടുപ്പിലെ നീല ട്രോളിബാഗ് വിവാദത്തിൽ മറ്റൊരു മുതിർന്ന നേതാവ് എൻ.എൻ.കൃഷ്ണദാസിന്റെ പ്രസ്താവനയിലും കൃത്യമായ തീരുമാനമെടുത്തു. ആരായാലും വ്യക്തിതാൽപര്യത്തിന്റെ അടിസ്ഥാനത്തിൽ പാർട്ടിയെ കൊണ്ടുപോകാൻ സമ്മതിക്കില്ല, ഗോവിന്ദൻ ആവർത്തിച്ചു.സൂക്ഷ്മപരിശോധനകളില്ലാതെ സിപിഎമ്മിൽ എത്താമെന്ന് അടുത്തിടെ ഉണ്ടായ രീതി മാറ്റും. ആർക്കും പാർട്ടിയിലെത്താമെന്ന പ്രവണത പാടില്ല.
പാർട്ടി 2016ൽ അധികാരത്തിൽ വന്നശേഷം എത്തിയവരാണു പുതിയ അംഗങ്ങളിൽ പകുതിയും. അനുഭാവി ഗ്രൂപ്പുകളിലൂടെ വരുന്നവരെ ബ്രാഞ്ച് തലത്തിൽ നിരീക്ഷിച്ച് ഉറപ്പിച്ച ശേഷം മതി അംഗത്വം നൽകൽ.പാർട്ടി വിദ്യാഭ്യാസവും രാഷ്ട്രീയ വിദ്യാഭ്യാസവുമില്ലാതെ സിപിഎം അംഗമാകാൻ കഴിയില്ലെന്നു തന്നെ ഉറപ്പിക്കണം.പാലക്കാട് നിയമസഭാമണ്ഡലത്തിലെ ജനസ്വാധീനവും പാർട്ടി സ്വാധീനവും വർധിപ്പിക്കാൻ 2016ൽ സംസ്ഥാനകമ്മിറ്റി തയാറാക്കിയ പദ്ധതി നടപ്പാക്കാൻ കഴിയാത്തതെന്താണെന്ന് അദ്ദേഹം ചോദിച്ചു. മണ്ഡലത്തിൽ സംഘപരിവാർ വ്യാപനമാണ്. അതിനാൽ സമ്മേളനത്തിനു ശേഷം നടപടിക്ക് എം.വി.ഗോവിന്ദൻ നിർദേശിച്ചു. യുവജനസംഘടനകൾ വൻതോതിൽ അംഗത്വം വർധിപ്പിച്ചതുകൊണ്ടു മാത്രം കാര്യമില്ലെന്നും അതിന്റെ ഫലം പാർട്ടിയിലും സമൂഹത്തിലും ഉണ്ടാകണമെന്നും നേതാക്കൾ നിർദേശിച്ചു.ബ്രാഞ്ച് തലം മുതൽ കൂടുതൽ വനിതകളെ എത്തിക്കണം. യുഡിഎഫ് ദുർബലമാകുന്നതുകൊണ്ടാണ് അവർ പി.വി.അൻവറിനെപോലുള്ള തീവ്രവാദികളെ കൂട്ടുപിടിക്കുന്നതെന്നും നേതൃത്വം പറഞ്ഞു.

‘ബിജെപിക്കു 430 സീറ്റുണ്ടായിരുന്നെങ്കിൽ സിപിഎമ്മിനെ നിരോധിക്കുമായിരുന്നു’
ചിറ്റൂർ ∙ ബിജെപി 430 സീറ്റു നേടിയാണു മൂന്നാം തവണ അധികാരത്തിലെത്തിയിരുന്നതെങ്കിൽ ആദ്യം നിരോധിക്കുന്ന പാർട്ടി സിപിഎം ആയിരുന്നേനേ എന്നു പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സിപിഎം ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അത്രയേറെ പകയുണ്ട് ഇടതുപക്ഷത്തോട്. ഭരണഘടനയെ തിരുത്താനുള്ള ഗൂഢലക്ഷ്യം വച്ച ബിജെപിക്കു തിരിച്ചടിയായത് സിപിഎമ്മിന്റെ ആശയത്തിൽ രൂപപ്പെട്ട ഇന്ത്യ മുന്നണിയാണ്. 24ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള ഈ സമ്മേളനം പോലും നടത്താൻ കഴിയുന്നത് അവർക്ക് അത്രവലിയ ഭൂരിപക്ഷം ഇല്ലാത്തതുകൊണ്ടാണ്. ദേശീയതലത്തിൽ കോൺഗ്രസ് കുറച്ചുകൂടി ജാഗ്രത കാണിച്ചിരുന്നെങ്കിൽ ബിജെപി ഭരണം ഒഴിവാക്കാമായിരുന്നു.കമ്യൂണിസ്റ്റുകാർ ഋഷി തുല്യമായ മനസ്സോടെ രാഷ്ട്രീയപ്രവർത്തനം നടത്തണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ഫ്യൂഡൽ ജീർണതകൾ ബാധിച്ച സമൂഹത്തിൽ തുറന്നുവച്ച പുസ്തകമായിരിക്കണം കമ്യുണിസ്റ്റുകാരന്റെ ജീവിതം. ബ്രാഞ്ച് മുതൽ മുകൾത്തട്ടുവരെയുള്ള സഖാക്കൾ ഇതു ശ്രദ്ധിക്കണം. പൊതുജീവിതത്തിൽ മാത്രമല്ല, വ്യക്തിജീവിതത്തിലും ഓരോ നിമിഷവും തിരുത്തി മുന്നോട്ടു പോകണം. തെറ്റായ പ്രവണത ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല, ഒരു നിമിഷംകൊണ്ട് അവസാനിക്കുന്നതുമല്ല. പക്ഷേ, സ്വയം വിമർശനം നടത്തി നവീകരിക്കണമെന്നും അദ്ദേഹം പ്രവർത്തകരെ ഓർമിപ്പിച്ചു.ഇന്ത്യ മുന്നണി രൂപീകരിക്കാൻ നേതൃത്വം നൽകിയെങ്കിലും അതിന്റെ ഗുണം പാർട്ടിക്കു കിട്ടിയില്ല. ബിജെപിയെ ചെറുക്കാൻ കോൺഗ്രസാണു ബദലെന്ന തെറ്റിദ്ധാരണ കാരണമാണു കേരളത്തിൽ പോലും പാർട്ടിക്കു വേണ്ടത്ര മുന്നോട്ടുപോകാൻ കഴിയാതിരുന്നത്. മലബാറിലെ തിരിച്ചടിയുടെ കാരണം മുസ്‌ലിം തീവ്രവാദ സംഘടനകളായ ജമാഅത്തെ ഇസ്‌ലാമി, എസ്ഡിപിഐ പോലുള്ളവർ യുഡിഎഫ് സഖ്യകക്ഷികളെപ്പോലെ പ്രവർത്തിച്ചതാണ്. ന്യൂനപക്ഷ വിഭാഗങ്ങളിൽ മതനിരപേക്ഷതയുടെ മുഖമായ മുസ്‌ലിംലീഗ് ജമാഅത്തെ ഇസ്‌ലാമിയുടെ തടവറയിലാണ്.
ഇവരുടെ ആരുടെയും പിന്തുണയില്ലാതെ 51 ശതമാനം വോട്ടു നേടി ജയിക്കാൻ ഇടതുപക്ഷത്തിനു കരുത്തുണ്ടാകണം.കേരളത്തിലെ ഇടതുസർക്കാരിന്റെ സാമ്പത്തികമായി തകർക്കാനുള്ള നീക്കം കേന്ദ്രം നടത്തുകയാണ്.ഇടതുപക്ഷത്തിന്റെ പരാജയം പ്രവചിച്ച മാധ്യമങ്ങളെക്കൂടി തോൽപിച്ചാണു രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയത്. നൂറിലേറെ സീറ്റുകൾ നേടി മൂന്നാമതും ഇടതുസർക്കാർ അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ്ബാബു അധ്യക്ഷനായിരുന്നു. പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ.ബാലൻ, കെ.രാധാകൃഷ്ണൻസംസ്ഥാന കമ്മിറ്റി അംഗം എം.ബി.രാജേഷ്, സി.കെ.രാജേന്ദ്രൻ, എൻ.എൻ.കൃഷ്ണദാസ്, എംഎൽഎമാരായ എ.പ്രഭാകരൻ, കെ.ഡി.പ്രസേനൻ, പി.പി.സുമോദ്, കെ.ശാന്തകുമാരി, പി.മമ്മിക്കുട്ടി എന്നിവർ പ്രസംഗിച്ചു.പെൻകോസ് ഗ്രൗണ്ടിൽ പതിനായിരത്തിലേറെ റെഡ് വൊളന്റിയർമാരുടെ മാർച്ചിന്റെ അകമ്പടിയോടെ നടന്ന പൊതുസമ്മേളനം ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി.
ജില്ലാ കമ്മിറ്റിയിൽ 44 അംഗങ്ങൾ
8 പുതുമുഖങ്ങൾ ഉൾപ്പെടെ 44 അംഗ ജില്ലാ കമ്മിറ്റിയാണു ചിറ്റൂരിൽ സമാപിച്ച സിപിഎം ജില്ലാ സമ്മേളനം പ്രഖ്യാപിച്ചത്.ജില്ലാ കമ്മിറ്റി അംഗങ്ങൾ
∙ തുടരുന്നവർ: ഇ.എൻ.സുരേഷ്ബാബു, കെ.എസ്.സലീഖ, പി.മമ്മിക്കുട്ടി, എ.പ്രഭാകരൻ, വി.ചെന്താമരാക്ഷൻ, വി.കെ.ചന്ദ്രൻ, എസ്.അജയകുമാർ, ടി.എം.ശശി, പി.എൻ.മോഹനൻ, ടി.കെ.നാരായണദാസ്, സുബൈദ ഇസഹാക്ക്, എം.ഹംസ, എസ്.കൃഷ്ണദാസ്, എം.ആർ.മുരളി, കെ.നന്ദകുമാർ, കെ.പ്രേംകുമാർ, യു.ടി.രാമകൃഷ്ണൻ, കെ.സി.റിയാസുദ്ദീൻ, പി.എം.ആർഷോ, സി.പി.ബാബു, പി.എ.ഗോകുൽദാസ്, സി.ആർ.സജീവ്, കെ.കൃഷ്ണൻകുട്ടി, ടി.കെ.നൗഷാദ്, എസ്.സുഭാഷ് ചന്ദ്രബോസ്, നിതിൻ കണിച്ചേരി, കെ.ബിനുമോൾ, ആർ.ശിവപ്രകാശ്, കെ.പ്രേമൻ, കെ.ബാബു, കെ.ശാന്തകുമാരി, കെ.ഡി.പ്രസേനൻ, വി.പൊന്നുക്കുട്ടൻ, കെ.എൻ.സുകുമാരൻ, സി.കെ.ചാമുണ്ണി, പി.പി.സുമോദ്.
∙ പുതുമുഖങ്ങൾ : ടി.ഗോപാലകൃഷ്ണൻ, ടി.കണ്ണൻ. സി.ഭവദാസ്, ആർ.ജയദേവൻ, കെ.ബി.സുഭാഷ്, എൻ.സരിത, ടി.കെ.അച്യുതൻ, സി.പി.പ്രമോദ്
∙ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവായവർ : ഗിരിജ സുരേന്ദ്രൻ, വി.കെ.ജയപ്രകാശ്, ആൻ.അനിതാനന്ദൻ, എൻ.പി.വിനയകുമാർ, ടി.എൻ.കണ്ടമുത്തൻ