കിഴക്കഞ്ചേരിയിൽ നാല് വാർഡുകളിലെ ശുദ്ധജല ക്ഷാമത്തിന് പരിഹാരം

Mail This Article
വടക്കഞ്ചേരി∙ കിഴക്കഞ്ചേരി പഞ്ചായത്തിലെ 4 വാർഡുകളിലെ ശുദ്ധജല ക്ഷാമത്തിന് പരിഹാരമാകുന്നു. പഞ്ചായത്തിലെ കൊടുമ്പാല, വെള്ളിക്കുളമ്പ്, വാൽക്കുളമ്പ്, പനംകുറ്റി, ലവണപാടം തുടങ്ങിയ പ്രദേശങ്ങളിലാണ് മാസങ്ങളായി ശുദ്ധജലം കിട്ടാതെ ജനങ്ങൾ ദുരിതത്തിലായത്. തുടർന്ന് നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെ പത്താം വാർഡ് കൊട്ടടിയിൽ കഴിഞ്ഞ ദിവസം ബോർവെൽ കുഴിച്ചു. 240 അടിയിൽ തന്നെ ധാരാളം ജലം ലഭിച്ചു. വൈദ്യുതി കണക്‌ഷനും മോട്ടർ പുരയുമെല്ലാം ഒരുക്കി ജലവിതരണം വൈകാതെ നടത്താനാകുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു. പുതിയ കുഴൽ കിണറ്റിൽ നിന്നുള്ള ജലം ഇരുന്നൂറിലേറെ കുടുംബങ്ങൾക്ക് പ്രയോജനപ്പെടും.പഞ്ചായത്തിലെ 10, 16, 17, 18 വാർഡുകളിലെ വീട്ടമ്മമാർ ശുദ്ധജലത്തിനായി നെട്ടോട്ടമോടുകയായിരുന്നു.
കണച്ചിപ്പരുത പിട്ടുക്കാരിക്കുളമ്പിലുള്ള ശുദ്ധജല ടാങ്കിലേക്ക് ജലമെത്തിച്ചിരുന്ന കുഴൽ കിണറിൽ ആവശ്യത്തിന് ജലമില്ലാതായതോടെ 350 വീടുകളിൽ ടാപ്പ് തുറന്നാൽ മിക്ക സമയത്തും കാറ്റ് മാത്രമാണ് കിട്ടിയിരുന്നത്. നാട്ടുകാർ പല തവണ പരാതി വാട്ടർ അതോറിറ്റിയിലും പഞ്ചായത്തിലും നൽകിയിട്ടും നടപടിയുണ്ടായില്ല. ശുദ്ധജല പ്രശ്നം ഗ്രാമ സഭയിൽ ചർച്ച ചെയ്യാം എന്നായിരുന്നു അധികൃതരുടെ നിലപാട്. എന്നാൽ ജലം എത്തിച്ചിട്ട് മതി ഗ്രാമസഭ എന്ന നിലപാടിൽ പ്രദേശവാസികൾ ഉറച്ചുനിന്നു.തുടർന്ന് കുഴൽ കിണർ കുഴിക്കുകയായിരുന്നു. ജലം സമൃദ്ധമായി ഉണ്ടായത് നാട്ടുകാർക്കും അധികൃതർക്കും ആശ്വാസമായി.