‘സ്വർണക്കടുക്കനിട്ട എംടി..!’ ഓർമകൾ കേട്ട് വിക്ടോറിയ

Mail This Article
പാലക്കാട് ∙ രണ്ടു കാതിലും സ്വർണക്കടുക്കനിട്ടു വിക്ടോറിയ കോളജിലെ രസതന്ത്ര ക്ലാസിലേക്കു കയറിവന്ന എം.ടി.വാസുദേവൻ നായർ എന്ന കൂടല്ലൂരുകാരനെ അന്ന് എല്ലാവരും അദ്ഭുതത്തോടെയാണു നോക്കിയത്. ഇന്ന് അദ്ഭുതമല്ല, അഭിമാനമാണു വിക്ടോറിയയ്ക്ക് എംടി.എംടിയുടെ കാൽപാടുകൾ പതിഞ്ഞ ക്യാംപസിൽ അദ്ദേഹത്തിന്റെ ഓർമകൾ ഉണർത്തിയാണ്, മലയാള മനോരമ ഹോർത്തൂസും കോളജിലെ മലയാള വിഭാഗവും ചേർന്ന് ‘എംടിയുടെ പാലക്കാട്, പാലക്കാടിന്റെ എംടി’ എന്ന പേരിൽ അനുസ്മരണം ഒരുക്കിയത്. എഴുത്തുകാരായ കെ.സി.നാരായണനും ടി.കെ.ശങ്കരനാരായണനും എംടിയുടെ കഥകളെയും കഥകൾക്കു പുറത്തെ ഓർമകളെയും എംടിക്കു മാത്രം സ്വന്തമായിരുന്ന സ്വഭാവ സവിശേഷതകളെയും അനുസ്മരിച്ചു.
എംടി എന്നും വായനക്കാർക്കാണു പ്രാധാന്യം നൽകിയിരുന്നതെന്നും പത്രപ്രവർത്തനത്തിലാണെങ്കിലും ജനങ്ങളിൽ നിന്നു റിപ്പോർട്ടിങ് തുടങ്ങണം എന്ന പക്ഷക്കാരനായിരുന്നുവെന്നും കെ.സി.നാരായണൻ പറഞ്ഞു. എംടി എന്ന വ്യക്തി ഒരിക്കലും തന്റെ ജീവിതത്തിൽ യന്ത്രങ്ങൾ ഉപയോഗിച്ചിട്ടില്ല. എടിഎമ്മിനെക്കുറിച്ചു മലയാളത്തിൽ ആദ്യമായി പ്രതിപാദിച്ചത് അദ്ദേഹത്തിന്റെ ‘ഷെർലക്’ എന്ന കഥയിലാണ്. എന്നാൽ, അദ്ദേഹം ഒരിക്കൽപോലും എടിഎം കാർഡ് ഉപയോഗിച്ചിട്ടില്ല. ചെക്ക് എഴുതി ആരുടെയെങ്കിലും കയ്യിൽ കൊടുത്തുവിട്ടു പണം എടുപ്പിക്കുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്. ഇങ്ങനെയുള്ള സ്വഭാവസവിശേഷതകൾ അതേപോലെ തന്റെ കഥാപാത്രങ്ങളിലേക്ക് എംടി വിന്യസിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ക്രിക്കറ്റ് കളിക്കാരനാകണം എന്ന് ആഗ്രഹിച്ചു നടന്നിരുന്ന, അഗ്രഹാരത്തിനു പുറത്തു ലോകമുണ്ടെന്ന് അറിയാതിരുന്ന തന്നെ എഴുത്തുകാരനാക്കിയത് എംടിയുടെ ‘മഞ്ഞ്’ ആണെന്നു ടി.കെ.ശങ്കരനാരായണൻ പറഞ്ഞു. സാഹിത്യം എന്താണെന്നു പോലും അറിയാതിരുന്ന ജീവിതത്തിലേക്ക് എംടിയുടെ വള്ളുവനാടൻ എഴുത്ത് കടന്നുവരികയായിരുന്നു.എംടിക്കു വലിയ സുഹൃദ്ബന്ധങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ, ആ വലയത്തിൽ എത്തിപ്പെട്ടാൽ പ്രത്യേക കരുതൽ അനുഭവിക്കാൻ കഴിയും. ആ കരുതൽ അനുഭവിക്കാൻ കഴിഞ്ഞതു സുകൃതമായാണു താൻ കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ജയൻ ശിവപുരം മോഡറേറ്ററായി.സീനിയർ കോഓർഡിനേറ്റിങ് എഡിറ്റർ സുരേഷ് ഹരിഹരൻ, അസിസ്റ്റന്റ് എഡിറ്റർ ജിജീഷ് കൂട്ടാലിട, വിക്ടോറിയ കോളജ് മലയാളം വിഭാഗം മേധാവി എ.പി.ശ്രീകല എന്നിവർ പ്രസംഗിച്ചു.