ലാൻഡിങ് ബെഡുകൾ സജ്ജം; കായികമേളകൾക്ക് ഇനി മറ്റ് സ്കൂളുകളെ ആശ്രയിക്കേണ്ട

Mail This Article
ഒറ്റപ്പാലം∙ ഉപജില്ലാ കായികമേളകളിലെ ജംപിങ് ഇനങ്ങൾ നടത്തുന്നതിൽ നേരിട്ടിരുന്ന പ്രതിസന്ധിക്കു പരിഹാരം. അമ്പലപ്പാറ കടമ്പൂർ സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ ലാൻഡിങ് ബെഡ് സജ്ജമായി.ഒറ്റപ്പാലം ഉപജില്ലാ കായിക മേളകളിലെ ഹൈജംപ്, പോൾവാൾട്ട് മത്സരങ്ങൾക്ക് ഇനി മറ്റ് ഉപജില്ലകളെ ആശ്രയിക്കേണ്ട സാഹചര്യമില്ല.കെ.പ്രേംകുമാർ എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നുള്ള നാലര ലക്ഷം രൂപ വിനിയോഗിച്ചാണു ലാൻഡിങ് ബെഡ് സജ്ജമാക്കിയത്. ഉദ്ഘാടനം ഇന്നു രാവിലെ 9.30 നു കെ.പ്രേംകുമാർ എംഎൽഎ നിർവഹിക്കും.ഒറ്റപ്പാലം ഉപജില്ലയിൽ 81 വിദ്യാലയങ്ങളാണുള്ളത്. ഇതിൽ 5 സർക്കാർ വിദ്യാലയങ്ങൾ ഉൾപ്പെടെ 16 ഹൈസ്കൂളുകളുണ്ട്. എവിടെയും ജംപിങ് ഇനങ്ങൾ സുരക്ഷിതമായി നടത്താൻ സംവിധാനങ്ങൾ ഇല്ലാത്തതിന്റെ പേരിലാണു മേളകൾക്ക് മറ്റ് ഉപജില്ലകളിലെ സ്കൂളുകളെ ആശ്രയിക്കേണ്ട സാഹചര്യം.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ചെർപ്പുളശ്ശേരി ഉപജില്ലയിലെ കാട്ടുകുളം, പട്ടാമ്പി ഉപജില്ലയിലെ ഗവ.ഹയർ സെക്കൻഡറി സ്കൂളുകളിലായാണു മത്സരങ്ങൾ നടത്താറുള്ളത്. രണ്ടടിയിലേറെയുള്ള 3 ബെഡുകളാണ് ഹൈജംപിനും പോൾവാൾട്ടിനും ഉപയോഗിക്കുന്നത്.ഇതു വാടകയ്ക്കെടുക്കാനാണെങ്കിൽ ഭീമമായ തുക ചെലവഴിക്കേണ്ടി വരുമെന്നതായിരുന്നു പ്രതിസന്ധി.ഇതിനിടെയാണ് എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നു തുക അനുവദിച്ചത്. കടമ്പൂർ സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം കെട്ടിടത്തിനു സമീപം ബെഡുകൾ സ്ഥാപിക്കാനാണു തീരുമാനം.