അപ്പുണ്ണി തരകന് യാത്രാമൊഴി

Mail This Article
ചെർപ്പുളശ്ശേരി ∙ എട്ടു പതിറ്റാണ്ടിലേറെ കാലം കഥകളി വേഷങ്ങൾക്കു മിഴിവു പകർന്ന അലങ്കാരങ്ങളുടെയും ഉടുത്തുകെട്ടിന്റെയും അണിയറശിൽപിയായി അറിയപ്പെട്ടിരുന്ന നമ്പ്യാരത്ത് അപ്പുണ്ണി തരകനു നാടിന്റെ സ്നേഹാർദ്രമായ യാത്രാമൊഴി. ജനപ്രതിനിധികളും പേരെടുത്ത കഥകളി കലാകാരന്മാരും ശിഷ്യഗണങ്ങളും ആരാധകരും നാട്ടുകാരും ഉൾപ്പെടെ സമൂഹത്തിലെ നാനാതുറകളിലുള്ളവരുടെയും സാന്നിധ്യത്തിൽ അപ്പുണ്ണിതരകന്റെ മൃതദേഹം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി.
സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ മാങ്ങോട്ടെ നമ്പ്യാരത്ത് വീട്ടുവളപ്പിൽ ഇന്നലെ രാവിലെ 11നായിരുന്നു സംസ്കാരം. മൂത്തമകൻ ഉണ്ണിക്കൃഷ്ണൻ ചിതയ്ക്ക് തീ കൊളുത്തി.
മുഖ്യമന്ത്രിക്കു വേണ്ടി ഒറ്റപ്പാലം തഹസിൽദാർ സി.എം.അബ്ദുൽ മജീദ്, സംസ്ഥാന സർക്കാരിനു വേണ്ടി ഹെഡ് ക്വാർടേഴ്സ് ഡപ്യൂട്ടി തഹസിൽദാർ പി.എ.സുധ, കലക്ടർക്കു വേണ്ടി തൃക്കടീരി (രണ്ട്) വില്ലേജ് ഓഫിസർ ഇൻചാർജ് രാജൻ എന്നിവരും കോട്ടയ്ക്കൽ പിഎസ്‌വി നാട്യസംഘം, കാറൽമണ്ണ വാഴേങ്കട കുഞ്ചുനായർ സ്മാരക ട്രസ്റ്റ്, ഡോംബിവില്ല കലാക്ഷേത്ര, വെള്ളിനേഴി നാണുനായർ കലാകേന്ദ്രം, പാലക്കാട് ട്രസ്റ്റ് എന്നിവയ്ക്കു വേണ്ടിയും മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു.
എംഎൽഎമാരായ പി.മമ്മിക്കുട്ടി, കെ.പ്രേംകുമാർ, വെള്ളിനേഴി പഞ്ചായത്ത് പ്രസിഡന്റ് കെ.ജയലക്ഷ്മി, ജില്ലാ പഞ്ചായത്തംഗം കെ.ശ്രീധരൻ, കോട്ടയ്ക്കൽ ആര്യവൈദ്യശാല ട്രസ്റ്റി ടി.എസ്.മാധവൻകുട്ടി, കേരള സംഗീത നാടക അക്കാദമി അംഗം അപ്പുക്കുട്ടൻ സ്വരലയം, കലാമണ്ഡലം വേഷവിഭാഗം ഡീൻ കെ.ബി.രാജ്ആനന്ദ്, ഡോ.സദനം കൃഷ്ണൻകുട്ടി, കോട്ടയ്ക്കൽ മധു, കലാനിലയം ബാലകൃഷ്ണൻ, കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ, കലാമണ്ഡലം സോമൻ, കലാമണ്ഡലം രാംമോഹൻ, ടി.ടി.നാരായണൻകുട്ടിനായർ, ഒളപ്പമണ്ണമന നാരായണൻ നമ്പൂതിരിപ്പാട്, ഒളപ്പമണ്ണ മന നവനീത്, പുത്തൂർ ശശി, എസ്.ഡി.പ്രദീപ്, കലാമണ്ഡലം കല്ലുവഴി വാസു, കലാമണ്ഡലം കഥകളി വേഷം മേധാവി കലാമണ്ഡലം ഹരിനാരായണൻ തുടങ്ങിയവരും വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.