മൊബൈൽ ഫോൺ പാടത്ത്, പ്രതിയുടെ വീട്ടിൽ വിഷക്കുപ്പി; അന്വേഷണം വഴിതെറ്റിക്കാൻ?

Mail This Article
നെന്മാറ ∙ ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊന്ന പ്രതി ചെന്താമരയുടെ വീട്ടിൽ കണ്ടെത്തിയ വിഷക്കുപ്പി അന്വേഷണം വഴിതെറ്റിക്കാനുള്ളതാണോ എന്ന സംശയം പൊലീസിനുണ്ട്. 2019ൽ കൊലപാതകം നടത്തിയ ശേഷം മലയോര മേഖലയായ ബോയൻ കോളനിയിൽ നിന്നു തൊട്ടടുത്ത വനത്തിലേക്ക് ഓടിപ്പോയിരുന്നു. അന്നു നാലു ദിവസത്തിനകം പ്രതിയെ പിടികൂടാൻ കഴിഞ്ഞു. വിഷക്കുപ്പിയിൽ കുറച്ചു വിഷം മാത്രമേ അവശേഷിക്കുന്നുണ്ടായിരുന്നുള്ളൂ. കൊലപാതകശേഷം പ്രതി പഴയ വീടുണ്ടായിരുന്ന അയ്യപ്പൻകുന്നിലേക്ക് ഓടിപ്പോയതായി സംശയിക്കുന്നു. പാലക്കാടു നിന്നെത്തിയ ഹണി എന്ന പൊലീസ് നായ ഇതുവഴി പോയി തിരിച്ചുവന്നതു സൂചന നൽകുന്നു.
കുടുംബവുമായി അകന്നു കഴിയുന്ന പ്രതി തന്റെ കുടുംബ പ്രശ്നങ്ങൾക്കു കാരണക്കാർ മരിച്ച സജിത ഉൾപ്പെടെയുള്ള അയൽവാസികളാണെന്നു ധരിച്ചാണു കൊലപാതകം നടത്തിയതെന്നു പൊലീസ് പറയുന്നു.ന2019ലെ കേസിന്റെ സ്വഭാവം കണക്കിലെടുത്ത നാട്ടുകാർ വനമേഖലയിലാണു തിരച്ചിൽ നടത്തിയത്. പൊലീസ് ഡ്രോൺ ഉപയോഗിച്ചും ഇവിടെ തിരച്ചിൽ നടത്തി. പ്രതിയുടേതെന്നു കരുതുന്ന മൊബൈൽ ഫോൺ നാട്ടുകാരുടെ തിരച്ചിലിൽ പാടത്തുനിന്നു കണ്ടെത്തിയിരുന്നു. എന്നാൽ ഇതിൽ സിംകാർഡും ബാറ്ററിയും ഉണ്ടായിരുന്നില്ല.