പറമ്പിക്കുളത്ത് ഇനി സഞ്ചരിക്കുന്ന റേഷൻകട; മന്ത്രി ജി.ആർ.അനിൽ നാളെ ഉദ്ഘാടനം ചെയ്യും
Mail This Article
പാലക്കാട് ∙ പറമ്പിക്കുളം ഗോത്രവർഗ മേഖലയിൽ റേഷൻ ഭക്ഷ്യധാന്യം നേരിട്ട് എത്തിക്കുന്ന സഞ്ചരിക്കുന്ന റേഷൻകട നാളെ രാവിലെ 10നു പറമ്പിക്കുളം ടൈഗർ കമ്യൂണിറ്റി ഹാളിൽ മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. കെ.ബാബു എംഎൽഎ അധ്യക്ഷനാകും. കെ.രാധാകൃഷ്ണൻ എംപി മുഖ്യാതിഥിയാകും. പറമ്പിക്കുളം ടൈഗർ റിസർവിനു അകത്തുള്ള കുരിയാർകുറ്റിയിലെ 86 കുടുംബങ്ങൾക്കും പൂപ്പാറയിലെ 54 കുടുംബങ്ങൾക്കും പദ്ധതി ഗുണം ചെയ്യും. നിലവിൽ പറമ്പിക്കുളം സെന്ററിലാണു റേഷൻകട. കുരിയാർകുറ്റിയിൽ നിന്ന് 10 കിലോമീറ്ററും പൂപ്പാറയിൽ നിന്ന് 15 കിലോമീറ്ററും താണ്ടി വേണം റേഷൻ കടയിലെത്താൻ.
സൗജന്യമായി ലഭിക്കുന്ന ഭക്ഷ്യധാന്യം കുരുയാർകുറ്റിയിലെ വീട്ടുകളിലെത്തിക്കാൻ വാഹന വാടക 700 രൂപയും പൂപ്പാറയിലേക്ക് 1200 രൂപയും നൽകണം. ഈ ദുരിതത്തിനു പുതിയ പദ്ധതി പരിഹാരമാകും. ഇനി കുടുംബങ്ങൾക്കു നേരിട്ട് എത്തിച്ചു നൽകും. പറമ്പിക്കുളം എക്കോ ഡവലപ്മെന്റ് കമ്മിറ്റിയുടെ രണ്ടു വാഹനങ്ങൾ വാഹനം വനംവകുപ്പ് ഇതിനായി ഒരുക്കിയിട്ടുണ്ട്. പൂപ്പാറയിലേക്കും കുരിയാർകുറ്റിയിലേക്കും. കൃത്യമായ അളവിലും തൂക്കത്തിലും റേഷൻ നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥരും ഉണ്ടാകും. മുൻകൂട്ടി തീയതി അറിയിച്ച ശേഷമാകും വാഹനം വിതരണത്തിനു പോകുകയെന്നു ജില്ലാ സപ്ലൈ ഓഫിസർ എ.എസ്.ബീന പറഞ്ഞു.