കാട്ടാനശല്യം വീണ്ടും രൂക്ഷം; നെൽപാടങ്ങൾ നശിപ്പിച്ചു

Mail This Article
നെന്മാറ ∙ ആതനാട് കുന്നിൻ ചരുവിൽ പൊന്മല, നെടുങ്ങോട് പാടശേഖരങ്ങളിൽ വീണ്ടും കാട്ടാനയിറങ്ങി നെല്ല്, തെങ്ങ്, വാഴ എന്നിവ വ്യാപകമായി തിന്നും ചവിട്ടിയും നശിപ്പിച്ചു. ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം വല്ലങ്ങി നെടുങ്ങോടു ഭാഗത്തുള്ള കൃഷിയിടങ്ങളിലാണു കാട്ടാനയുടെ വിളയാട്ടം. നെൽപാടങ്ങൾക്കു നടുവിലൂടെയും വരമ്പുകളിലൂടെയും നടന്നതിനാൽ നെൽക്കൃഷി നാശത്തിന് പുറമേ പാടങ്ങളിൽ സംഭരിച്ചുവച്ച വെള്ളവും നഷ്ടപ്പെട്ടു. കഴിഞ്ഞ മാസം വനപാലകരെത്തി കാട്ടാനയെ വനത്തിലേക്കു തുരത്തിവിട്ടെങ്കിലും ഇതു മൂന്നാം തവണയാണു തിരിച്ചു വരുന്നത്.
വല്ലങ്ങി നെടുങ്ങോട് മേഖലയിലെ വീടുകൾക്കു സമീപം വരെ ആന എത്തിയതറിഞ്ഞ പ്രദേശവാസികൾ ഭീതിയിൽ കഴിയുകയാണ്. കണ്ണോട്, അള്ളിച്ചോട്, കൊടുവാൾ പാറ, മേഖലയിലൂടെ കാട്ടാന ജനവാസ മേഖലകളിലേക്കു വരുന്നതു തടയാൻ വനം വകുപ്പു പ്രഖ്യാപിച്ച വൈദ്യുതി വേലി സ്ഥാപിക്കാനുള്ള നടപടികൾ ഇനിയും പൂർത്തിയായിട്ടില്ല. കാട്ടാന ശല്യം തടയാൻ അടിയന്തര നടപടിയെടുക്കണമെന്നു പൊന്മല പാടശേഖര സമിതി യോഗം ആവശ്യപ്പെട്ടു. സെക്രട്ടറി വി.സുധാകരൻ അധ്യക്ഷത വഹിച്ചു. ഇ.ആർ.ഉണ്ണിക്കൃഷ്ണൻ, അജിത്കുമാർ, ഗോപാലകൃഷ്ണയ്യർ, പൊന്മല, രാജൻ പഴതക്കാട് എന്നിവർ പ്രസംഗിച്ചു.