ജ്വല്ലറിയിൽ മോഷണം നടത്തിയ പ്രതി പിടിയിൽ

Mail This Article
ശ്രീകൃഷ്ണപുരം∙ കരിമ്പുഴയിലെ ജ്വല്ലറിയിൽ മോഷണം നടത്തിയ കേസിലെ പ്രതി പിടിയിലായി. തമിഴ്നാട് സ്വദേശി സനഫുല്ല(45)യാണ് നോലൈക്കോട്ടെ പൊലീസിന്റെ പിടിയിലായത്. പ്രതിയെ ജ്വല്ലറിയിലെത്തിച്ച് ശ്രീകൃഷ്ണപുരം പൊലീസ് തെളിവെടുപ്പ് നടത്തി. 2024 നവംബർ നാലിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ആഭരണങ്ങൾ വാങ്ങാനെന്ന വ്യാജേന ഇയാൾ ജ്വല്ലറിയിലെത്തിയത്. ഉടമ സാധനങ്ങൾ എടുക്കുന്നതിനിടെ ഒന്നര പവനോളം തൂക്കം വരുന്ന സ്വർണം ഉൾപ്പെടുന്ന പാത്രം എടുത്ത് കടന്നു കളയുകയായിരുന്നു.
സാധനങ്ങളുടെ സ്റ്റോക്ക് എടുക്കുന്നതിനിടെയാണ് സ്വർണം നഷ്ടപ്പെടുന്ന വിവരം അറിയുന്നതെന്ന് ജ്വല്ലറി ഉടമ ബൈജു പറഞ്ഞു. സിസിടിവി പരിശോധനയിലാണ് മോഷ്ടാവിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ തമിഴ്നാട്ടിൽ നിന്നും പിടികൂടുന്നത്. ഒട്ടേറെ മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.