എക്സ്പ്രസ് ടെയിനുകളുടെ സമയമാറ്റം; ഇന്റർസിറ്റി യാത്രക്കാർക്ക് ആശ്വാസം

Mail This Article
ഷൊർണൂർ ∙ നിലമ്പൂർ –പാലക്കാട്, ഷൊർണൂർ – നിലമ്പൂർ എക്സ്പ്രസ് ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തിയതിൽ എറണാകുളം ഇന്റർസിറ്റി യാത്രക്കാർക്ക് ആശ്വാസം. എല്ലാ ദിവസവും വൈകിട്ട് 5.55നാണ് ഷൊർണൂരിൽ നിന്ന് നിലമ്പൂർ ഭാഗത്തേക്കുള്ള എക്സ്പ്രസ് ട്രെയിനും നിലമ്പൂരിൽ നിന്ന് പാലക്കാട് വരെയുളള ട്രെയിനും യാത്ര ആരംഭിച്ചിരുന്നത്. നിലമ്പൂർ, പാലക്കാട് ഭാഗങ്ങളിലേക്കുളള നിരവധി യാത്രക്കാർ 5.50 ന് ഷൊർണൂരിൽ എത്തുന്ന എറണാകുളം ഇന്റർസിറ്റിയിൽ ഉണ്ടാകും. എന്നാൽ ചില ദിവസങ്ങളിൽ ഇന്റർസിറ്റി വൈകുമ്പോൾ ഇരു വശത്തേക്കുമുള്ള യാത്രക്കാർ പിന്നെ അടുത്ത ട്രെയിനുകൾക്കായി ഷൊർണൂരിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്.
5.55ന് യാത്ര ആരംഭിക്കുന്ന ഇരു ട്രെയിനുകളും ഇപ്പോൾ 6 മണിക്കാണ് ഷൊർണൂരിൽ നിന്നു പുറപ്പെടുന്നത്. ഒന്ന്, രണ്ട് പ്ലാറ്റ്ഫോമുകളിൽ നിർത്തുന്ന ഈ ട്രെയിനുകളിൽ കയറാൻ അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിൽ എത്തുന്ന ഇന്റർസിറ്റി എക്സ്പ്രസിൽ നിന്നു പാളം മറികടന്നുള്ള യാത്രക്കാരുടെ ഓട്ടം അപകടസാധ്യത കൂടുതലാണ്. യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് ഷൊർണൂർ നിലമ്പൂർ എക്സ്പ്രസ് അഞ്ചാം നമ്പർ പ്ലാറ്റ് ഫോമിൽ നിന്ന് യാത്ര ആരംഭിച്ചു. 2 എക്സ്പ്രസ് ട്രെയിനുകളുടെ സമയം ദീർഘിപ്പിച്ചിട്ടും എറണാകുളം ഇന്റർസിറ്റി വൈകുമ്പോൾ യാത്രക്കാർ വീണ്ടും ദുരിതത്തിൽ ആകും ഷൊർണൂരിൽ നിന്ന് പിന്നീട് 8.15നാണ് നിലമ്പൂരിലേക്ക് ട്രെയിൻ. പാലക്കാട് ഭാഗത്തേക്ക്, 7.30ന് എത്തുന്ന ചെന്നൈ മെയിൽ വരെ കാത്തു നിൽക്കേണ്ടി വരാറുണ്ട്.