വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക്; രാജ്യറാണി പകൽവണ്ടിയായി എറണാകുളത്തേക്ക് ഓടിക്കാനും ആലോചന

Mail This Article
ഷൊർണൂർ ∙ തിരുവനന്തപുരം ഷൊർണൂർ വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്കു നീട്ടുന്നതു റെയിൽവേ പരിഗണിക്കുന്നു. വൈദ്യുതീകരണം പൂർത്തിയായതിനാൽ വേണാട് എക്സ്പ്രസ് യാത്രക്കാർക്കു പ്രയോജനപ്പെടുന്ന രീതിയിൽ ക്രമീകരിക്കണമെന്നു പി.പി.സുനീർ എംപി റെയിൽവേ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിനു മറുപടിയായാണ് ആവശ്യം പരിഗണിക്കാമെന്നു മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരിക്കുന്നത്. രാവിലെ 5.20 ന് തിരുവനന്തപുരത്ത് നിന്ന് യാത്ര ആരംഭിക്കുന്ന വേണാട് എക്സ്പ്രസ് ഉച്ചയ്ക്ക് 12.25 നാണ് ഷൊർണൂരിൽ എത്തുക. തിരിച്ച് 2.35 ന് ഷൊർണൂരിൽ നിന്ന് യാത്ര ആരംഭിക്കുന്നതാണ് ഇപ്പോഴത്തെ സമയക്രമം.
14 ബോഗികൾക്കു നിൽക്കാൻ നീളമുള്ള നിലമ്പൂർ സ്റ്റേഷനിൽ 24 ബോഗികളുള്ള വേണാട് എക്സ്പ്രസ് എങ്ങനെ ഉൾക്കൊള്ളിക്കാൻ കഴിയുമെന്നതും പരിശോധിക്കുന്നുണ്ട്. രാവിലെ നിലമ്പൂരിലെത്തുന്ന 16349 നമ്പർ രാജ്യറാണി എക്സ്പ്രസ് എറണാകുളം വരെ പകൽ സർവീസ് നടത്തണമെന്ന ആവശ്യവും റെയിൽവേ പരിശോധിക്കുന്നു. എല്ലാ ദിവസവും രാത്രി 9 മണിക്കു തിരുവനന്തപുരത്തു നിന്നു യാത്ര ആരംഭിക്കുന്ന രാജ്യറാണി അടുത്ത ദിവസം രാവിലെ 6.05 ന് നിലമ്പൂരിൽ എത്തി രാത്രി വരെ നിർത്തിയിടുകയാണ് ചെയ്യുന്നത്. രാത്രി 9.45 നാണ് യാത്ര പുനരാരംഭിക്കുന്നത്. ഈ സമയം ഉപയോഗപ്പെടുത്തി പകൽ എറണാകുളത്തേക്ക് ഓടിക്കുന്നതാണു പരിഗണിക്കുന്നത്.