യാത്രയല്ല, യാതന; ഷൊർണൂർ– പാലക്കാട് രാത്രിയാത്ര: 10 മണിക്കൂർ, 3 ട്രെയിൻ

Mail This Article
ഷൊർണൂർ ∙ കോഴിക്കോട്, ഷൊർണൂർ ഭാഗങ്ങളിൽ നിന്ന് രാത്രി പാലക്കാട്ടേക്ക് ട്രെയിനിൽ യാത്ര ചെയ്യാൻ ഇറങ്ങിയാൽ വഴിയിൽ പെട്ടുപോകും. ഷൊർണൂരിൽ നിന്ന് വൈകിട്ട് 6ന് യാത്ര ആരംഭിക്കുന്ന നിലമ്പൂർ– പാലക്കാട് എക്സ്പ്രസ് കഴിഞ്ഞാൽ പാലക്കാട് ഭാഗത്തേക്ക് ട്രെയിനുകളുടെ എണ്ണം കുറവാണെന്നാണു യാത്രക്കാരുടെ പരാതി. ഒന്നരമണിക്കൂർ കഴിഞ്ഞ് 7.30ന് ചെന്നൈ മെയിലാണ് അടുത്ത ട്രെയിൻ. ആകെ 4 ജനറൽ കോച്ചുകളുള്ള ട്രെയിനിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുക. പിന്നീട് ഒന്നരമണിക്കൂർ കാത്തുനിൽക്കണം 9 മണിയോടെ ഷൊർണൂരിൽ യശ്വന്ത്പുര എക്സ്പ്രസ് എത്താൻ. 10 മണിയോടെ എത്തുന്ന ചെന്നൈ എക്സ്പ്രസും കഴിഞ്ഞാൽ പിന്നെ ടെയിൽ അടുത്തദിവസം പുലർച്ചെ 4.50ന് വെസ്റ്റ് കോസ്റ്റ് എക്സ്പ്രസാണ്.
10 മണിക്കൂറിനിടെ 3 ട്രെയിനുകൾ മാത്രമാണു ഷൊർണൂരിൽ നിന്നു ദിവസവും പാലക്കാട് വഴി കടന്നുപോകുന്നത്. ഞായർ, വെള്ളി ദിവസങ്ങളിൽ മാത്രം സർവീസ് നടത്തുന്ന പുതുച്ചേരി എക്സ്പ്രസാണ് ഇടക്കാല സർവീസ് ഉള്ളത്. ചൊവ്വാഴ്ച രാത്രി 1.15ന് എത്തുന്ന യശ്വന്ത്പുര എക്സ്പ്രസ്, ഞായർ, വ്യാഴം ദിവസങ്ങളിൽ എത്തുന്ന കച്ചേഗുഡ എക്സ്പ്രസ്, ഞായർ പുലർച്ചെ 3.45ന് എത്തുന്ന വിവേക് എക്സ്പ്രസ് എന്നിവയാണ് വീക്ക്‌ലി സർവീസ് നടത്തുന്നത്.
കോഴിക്കോട്, കണ്ണൂർ, മലപ്പുറം ഭാഗത്തുനിന്നു പാലക്കാട് ഭാഗത്തേക്കുള്ള യാത്രക്കാർ ഷൊർണൂർ എത്തി പിന്നീട് മറ്റ് യാത്രാ മാർഗങ്ങൾ വഴിയാണ് രാത്രി പാലക്കാട് എത്തുന്നത്. സ്ഥിരം യാത്രക്കാരായ ജോലിക്കാരാണു കൂടുതൽ പ്രയാസത്തിലാകുന്നത്. അതേസമയം തൃശൂർ ഭാഗത്തു നിന്നു പാലക്കാട് ഭാഗത്തേക്ക് വൈകിട്ട് 6 മുതൽ രാത്രി 12 വരെ 21 ട്രെയിനുകളാണു സർവീസ് നടത്തുന്നത്. ദീർഘദൂര യാത്രക്കാർ തൃശൂർ, പാലക്കാട് റെയിൽവേ സ്റ്റേഷനുകളിൽ എത്തിയാണ് ഇപ്പോൾ ട്രെയിൻ കയറുന്നത്. രാത്രി ഷൊർണൂരിൽ നിന്ന് പാലക്കാട് ഭാഗത്തേക്ക് കൂടുതൽ സർവീസുകൾ അടിയന്തരമായി പരിഗണിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.