വിദ്യാർഥികളുടെ ഭയത്തിനു വിരാമം; അടിപ്പാത നിർമാണത്തിനു തുടക്കം

Mail This Article
പട്ടാമ്പി∙ പെരുമുടിയൂർ ഗവ.ഓറിയന്റൽ സ്കൂളിനു സമീപം റെയിൽവേ അടിപ്പാത നിർമാണത്തിനു നിലമൊരുക്കി ഭൂമിപൂജ നടത്തി. റെയിൽവേ ഉദ്യോഗസ്ഥരും ആക്‌ഷൻ കൗൺസിൽ ഭാരവാഹികളും ഒത്തുചേർന്നാണു നിർമാണ പ്രവർത്തനങ്ങളുടെ തുടക്കത്തിന്റെ ഭാഗമായി ഭൂമിപൂജ നടത്തിയത്. റെയിൽവേ ഷൊർണൂർ സബ് ഡിവിഷൻ എഡിഎം സി.ആർ.അളകർ സ്വാമി, എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥൻ സുർജിത്, ആക്‌ഷൻ കൗൺസിൽ ഭാരവാഹികളായ അരുൺ, സുകുമാരൻ, മൊയ്‌തീൻകുട്ടി, വി.ടി.സോമൻ, കെ.വി.കബീർ, ആക്‌ഷൻ കൗൺസിൽ അംഗങ്ങൾ, സ്കൂൾ അധികൃതർ, ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

വിദ്യാർഥികൾക്കു ഭയമില്ലാതെ സ്കൂളിൽ വന്നു പോകാൻ റെയിൽവേ അടിപ്പാത വേണമെന്ന സ്കൂളിന്റെ ആവശ്യമാണു റെയിൽവേ 95.35 ലക്ഷം രൂപ ചെലവിൽ നടപ്പാക്കുന്നത്. പെരുമുടിയൂർ റെയിൽവേ അടിപ്പാത ആവശ്യത്തിനു നാടിനൊപ്പം നിന്നു ‘മനോരമ’ പലവട്ടം വാർത്ത നൽകിയിരുന്നു. റെയിൽപാതയിൽ സ്പീഡ് 130–160 കിലോമീറ്റർ ആക്കുന്ന സ്ഥലങ്ങളിൽ റെയിൽവേ ചെലവിൽ പെഡസ്ട്രിയൻ സബ് വേ നിർമിക്കാൻ സാധ്യത ഉണ്ടെന്നു മനസ്സിലാക്കിയ സ്കൂൾ പിടിഎ കമ്മിറ്റിയും പഞ്ചായത്തും നടത്തിയ ശ്രമങ്ങൾക്കു വി.കെ.ശ്രീകണ്ഠൻ എംപിയുടെയും മെട്രോമാൻ ഇ.ശ്രീധരന്റെയുമെല്ലാം സഹായം ലഭിച്ചതോടെയാണു പെരുമുടിയൂരിൽ റെയിൽവേ അടിപ്പാതയ്ക്കു വഴിയൊരുങ്ങിയത്.