സാങ്കേതിക തടസ്സങ്ങൾ മുറുകുന്നു; എങ്ങുമെത്താതെ അറവുശാല നവീകരണം

Mail This Article
പാലക്കാട് ∙ നഗരസഭ അറവുശാല നവീകരണ പദ്ധതി ഇപ്പോഴും എങ്ങുമെത്തിയില്ല. മന്ത്രി എം.ബി.രാജേഷും നഗരസഭയും സംയുക്തമായി പദ്ധതി നടത്തിപ്പിനു ശ്രമിക്കുന്നുണ്ടെങ്കിലും സാങ്കേതിക തടസ്സങ്ങൾ മുറുകുകയാണ്. പുതുപ്പള്ളിത്തെരുവിൽ റവന്യു വകുപ്പിന്റെ സ്ഥലത്താണ് അറവുശാല ഉള്ളത്. ഇതിൽ 50 സെന്റ് സ്ഥലം അറവുശാല ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ റവന്യു വകുപ്പ് നിരാക്ഷേപ പത്രം (എൻഒസി) നൽകിയിട്ടുണ്ട്. ബാക്കി 92 സെന്റ് സ്ഥലത്തിനു കൂടി എൻഒസി ലഭിച്ചാൽ മാത്രമേ നവീകരണ പദ്ധതി നടപ്പാക്കാനാകൂ. ഇതിനായി റവന്യു വകുപ്പിന് അപേക്ഷ നൽകിയിട്ടുണ്ട്. ഇതിൽ അനുകൂല തീരുമാനം അനിവാര്യമാണ്.
കിഫ്ബി ഫണ്ട്: ലോണോ, ഗ്രാന്റോ ?
ആധുനിക അറവുശാല നിർമാണത്തിന് കിഫ്ബിയിൽ ഉൾപ്പെടുത്തി 11.29 കോടി രൂപയുടെ പദ്ധതിക്കാണ് അനുമതിയായിട്ടുള്ളത്. ഈ തുക ലോൺ ആണോ ഗ്രാന്റ് ആണോ എന്നതിൽ തീരുമാനം വേണം. തുക ഗ്രാന്റ് ആയി ലഭിക്കണമെന്നാണു നഗരസഭ ആവശ്യപ്പെട്ടിട്ടുള്ളത്. വായ്പയായിട്ടാണു തുക അനുവദിക്കുന്നതെങ്കിൽ സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കുമെന്നു നഗരസഭ പറയുന്നു. 5% പലിശ നിരക്കിൽ 10 വർഷത്തേക്ക് 3 കോടി രൂപയിലേറെത്തുക തിരിച്ചടയ്ക്കേണ്ടിവരും. തുക ലോൺ അല്ലെങ്കിൽ നഗരസഭയുടെ പദ്ധതി വിഹിതത്തിൽ നിന്ന് എന്ന നിർദേശമാണ് കിഫ്ബി മുന്നോട്ടു വച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ നഗരസഭ കൗൺസിലിൽ തീരുമാനമെടുത്ത് സർക്കാരിനെ അറിയിക്കണം. ഗ്രാന്റായി തുക അനുവദിക്കുന്നതിൽ സർക്കാർ തീരുമാനം നിർണായകമാണ്.
നവീകരണം അനിവാര്യം
നഗരസഭയുടെ ഉടമസ്ഥതയിലുള്ള അറവുശാലയുടെ നവീകരണം അത്യാവശ്യമാണ്. സമീപ പഞ്ചായത്തുകൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. വിപണിയിൽ ഗുണനിലവാരമുള്ള മാംസം ലഭ്യമാക്കാനും സാധിക്കും. ഭാവിയിൽ വിപുലീകരണത്തിനും സാധ്യതയുണ്ട്.