സിപിഎം സംസ്ഥാനകമ്മിറ്റി: പാലക്കാട് ജില്ലയിൽ നിന്ന് നയിക്കാൻ 6 പേർ

Mail This Article
പാലക്കാട് ∙ സിപിഎമ്മിന് കരുത്തുള്ള ജില്ലകളിലൊന്നായ പാലക്കാട്ടു നിന്ന് പാർട്ടിക്ക് 6 സംസ്ഥാനകമ്മിറ്റി അംഗങ്ങൾ. കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലൻ പ്രായപരിധി മൂലം ഒഴിവായപ്പോൾ കോങ്ങാട് എംഎൽഎ കെ.ശാന്തകുമാരി സംസ്ഥാനക്കമ്മിറ്റിയിലെ പുതുമുഖമായി. ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ്ബാബു, മന്ത്രി എം.ബി.രാജേഷ്, സി.കെ.രാജേന്ദ്രൻ, എൻ.എൻ.കൃഷ്ണദാസ്, കെ.എസ്.സലീഖ, കെ.ശാന്തകുമാരി എന്നിവരെയാണ് തിരഞ്ഞെടുത്തത്.എംഎൽഎ എന്ന രീതിയിലെ പ്രവർത്തനങ്ങൾക്കൊപ്പം സംഘടനാരംഗത്തെ മികവുമാണ് കെ.ശാന്തകുമാരിക്ക് സംസ്ഥാനകമ്മിറ്റിയിലേക്ക് വഴി തുറന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശാന്തകുമാരി പട്ടികജാതി ക്ഷേമസമിതി സ്ഥാപക നേതാക്കളിലൊരാളാണ്.
ദീർഘകാലമായി സംസ്ഥാന കമ്മിറ്റി അംഗമാണ് എൻ.എൻ.കൃഷ്ണദാസ്. പലപ്പോഴും കൃഷ്ണദാസ് രാഷ്ട്രീയവിവാദങ്ങളിൽ ഉൾപ്പെട്ടിരിന്നെങ്കിലും ഇത്തവണയും പാർട്ടി അദ്ദേഹത്തെ സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു.തുടർച്ചയായി രണ്ടു തവണ ജില്ലാ സെക്രട്ടറി സ്ഥാനത്തെത്തിയ ഇ.എൻ.സുരേഷ്ബാബു സംസ്ഥാന കമ്മിറ്റിയിൽ ഇടംനേടി. സംസ്ഥാന കമ്മിറ്റി അംഗമെന്ന നിലയിൽ ഇത്തവണയും തുടരുകയാണ് മന്ത്രി എം.ബി.രാജേഷ്. ഇദ്ദേഹം സംസ്ഥാന സെക്രട്ടേറിയറ്റിൽ എത്തുമെന്നായിരുന്നു പാർട്ടിക്കാർ കരുതിയിരുന്നത്. ദീർഘകാലം ജില്ലയിലെ പാർട്ടിയെ നയിച്ചയാളാണ് സി.കെ.രാജേന്ദ്രൻ. സംസ്ഥാനകമ്മിറ്റി സ്ഥാനത്ത് അദ്ദേഹം വീണ്ടും തുടരുകയാണ്. നേരത്തെ എംഎൽഎ ആയിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗമായ കെ.എസ്.സലീഖ മുൻ എംഎൽഎ ആണ്. കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയിലും അംഗമായിരുന്നു.
എ.കെ.ബാലൻ കേന്ദ്രകമ്മിറ്റിയിൽ നിന്ന് ഒഴിയുന്നു
∙ സഖാക്കൾക്ക് വിരമിക്കലെന്നൊന്നുമില്ല, എ.കെ.ബാലന് ഒട്ടും ഇല്ല. കൊല്ലത്തു നടന്ന സിപിഎം സംസ്ഥാനസമ്മേളനത്തിൽ കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലൻ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നു മാത്രമാണ് പടിയിറങ്ങുക. പാർട്ടിയുടെ പരിചയായി ഇനിയും ബാലേട്ടൻ ഉണ്ടാകുമെന്നു സഖാക്കൾക്കുറപ്പ്.ഒന്നും പറയാനില്ലെന്നു പറഞ്ഞ് മറ്റു നേതാക്കളെല്ലാം മാധ്യമങ്ങൾക്കു മുന്നിൽ വരാതെ മാറി നടന്നാലും എ.കെ.ബാലൻ പാർട്ടി ലൈൻ പറയാൻ എത്തുമായിരുന്നു. എകെജി ഭവൻ, സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ പി.കുഞ്ഞിരാമൻ മാസ്റ്റർ സ്മാരകം, പറക്കുന്നത്തെ ബാലേട്ടന്റെ വീട് എന്നിവിടങ്ങളായിരുന്നു പതിവ് വേദികൾ.
കോഴിക്കോട്ടുകാരനാണെങ്കിലും പൊതുജീവിതത്തിൽ ബാലനു സ്ഥിരമായ മേൽവിലാസം നൽകിയ നാട് പാലക്കാടാണ്. വെള്ളഈച്ചരനെതിരെ പാർലമെന്റിലേക്കു മത്സരിക്കാനാണ് 1980ൽ ഒറ്റപ്പാലത്തേക്കു വന്നത്. പിന്നീട് മടങ്ങിയില്ല.കല്ലാച്ചി ഹൈസ്കൂളിൽ പഠിക്കുന്ന കാത്ത് കെഎസ്എഫ് പ്രവർത്തകനിൽ തുടങ്ങി സിപിഎം കേന്ദ്രകമ്മിറ്റി അംഗം വരെയായി. ഇതിനിടെ ആദ്യ ജില്ലാ കൗൺസിൽ പ്രസിഡന്റ്, എംപി, എംഎൽഎ, മന്ത്രി ചുമതലകളെല്ലാം വഹിച്ചു.
ഇപ്പോഴത്തെ ആലത്തൂർ ലോക്സഭ ഉൾപ്പെടുന്ന മേഖലയിലെ നിയോജക മണ്ഡലങ്ങളിൽ ഇരുപതു വർഷത്തോളം നിയമസഭാംഗം ആയിരുന്നു എ.കെ.ബാലൻ. പഴയ കുഴൽമന്ദം നിയമസഭാ മണ്ഡലത്തിൽ 2 തവണയും ഇപ്പോഴത്തെ തരൂർ മണ്ഡലത്തിൽ 2 തവണയും എംഎൽഎ ആയി. പട്ടികവിഭാഗം, വൈദ്യുതി, നിയമം, സാംസ്കാരികം ഉൾപ്പെടെയുള്ള വകുപ്പുകൾ കൈകാര്യം ചെയ്തു. പ്രവർത്തകരുമായും നേതാക്കളുമായും ഒരുപോലെ ആത്മബന്ധം പുലർത്തുന്നുവെന്നതാണു ബാലന്റെ പ്രത്യേകത.