നിർദേശങ്ങൾ ഒന്നുപോലും നടപ്പിലാക്കാതെ ദേശീയപാത അതോറിറ്റി; വടക്കഞ്ചേരി–വാണിയമ്പാറ റോഡിൽ അപകടയാത്ര

Mail This Article
വടക്കഞ്ചേരി∙ വടക്കഞ്ചേരിക്കും വാണിയമ്പാറക്കും ഇടയിൽ പ്രദേശവാസികൾ യാത്രചെയ്യുന്നത് ജീവൻ കയ്യിൽ പിടിച്ച്. സർവീസ് റോഡ് നിർമാണം പൂർത്തിയാക്കാത്തത് അപകടങ്ങൾ ക്ഷണിച്ചു വരുത്തുമ്പോൾ ദേശീയപാത അതോറിറ്റിയോ നിർമാണ കമ്പനിയോ ജനപ്രതിനിധികളോ ഇതു ശ്രദ്ധിക്കുന്നില്ല. കഴിഞ്ഞ 3 വർഷത്തിനുള്ളിൽ വിലപ്പെട്ട 18 പേരുടെ ജീവനാണ് റോഡിൽ പൊലിഞ്ഞത്.വടക്കഞ്ചേരി മുതൽ വാണിയമ്പാറ വരെ 21 റോഡുകൾ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നു. ഇതാണ് അപകടം ക്ഷണിച്ചു വരുത്തുന്നത്. ചെറു റോഡുകളിൽ നിന്നും ദേശീയപാതയിലേക്ക് കയറുന്ന വഴിയിൽ കാഴ്ച മറയ്ക്കുന്നതെല്ലാം മാറ്റുമെന്നും ദേശീയപാതയിൽ വാഹനങ്ങൾ നിർത്തിയിടുന്നതും ഒഴിവാക്കുമെന്നും അധികൃതർ പറഞ്ഞു.
എന്നാൽ നടപടി എടുത്തില്ല. നാട്ടുകാർ നിരന്തരം സമരം ചെയ്തിട്ടും സർവീസ് റോഡ് പൂർത്തീകരിക്കാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല. വടക്കഞ്ചേരി മുതൽ മണ്ണുത്തി വരെ 28 കിലോമീറ്റർ റോഡിൽ പലയിടത്തും തടസ്സങ്ങളാണ്. ആറുവരിപ്പാതയ്ക്ക് തുടക്കം കുറിക്കുന്ന വടക്കഞ്ചേരി മേൽപാലം കുത്തിപ്പൊളിച്ചത് 65 തവണയാണ്. ഇപ്പോഴും പാലം ബലക്ഷയത്തിലാണ്. വാണിയമ്പാറ, കല്ലിടുക്ക്, മുടിക്കോട് എന്നിവിടങ്ങളിൽ അടിപ്പാത നിർമാണം പൂർത്തിയായിട്ടില്ല. ഇത് ഗതാഗത തടസ്സമുണ്ടാക്കുന്നു.
2009 ൽ ദേശീയപാത നിർമാണം ആരംഭിച്ചത് മുതൽ 15 വർഷത്തിനുള്ളിൽ ഈ പാതയിൽ 316 പേർ അപകടങ്ങളിൽ മരിച്ചതായി വിവരാവകാശ രേഖകൾ പറയുന്നു. ഈ മാസം 15 മുതൽ ദേശീയപാതയിലെ 5 കിലോമീറ്റർ പരിധിക്ക് അപ്പുറമുള്ളവരിൽ നിന്ന് ടോൾ പിരിക്കുമെന്ന് ടോൾ കമ്പനി പറയുമ്പോൾ നിർമാണങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷം ടോളിനെക്കുറിച്ച് ആലോചിച്ചാൽ മതിയെന്നാണ് നാട്ടുകാർ പറയുന്നത്. കണ്ണമ്പ്ര വ്യവസായ പാർക്ക് കൂടി വരുന്നതോടെ സർവീസ് റോഡ് ഇല്ലെങ്കിൽ ഒന്നും നടക്കാത്ത സ്ഥിതിയാകും. ദേശീയപാത അതോറിറ്റിയും മോട്ടർ വെഹിക്കിൾ എൻഫോഴ്സ്മെന്റും പൊലീസും ജനപ്രതിനിധികളും സുരക്ഷാ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടും നടപടിയില്ല.
ദേശീയപാത നിർമാണത്തിലെ അപാകത സംബന്ധിച്ച് പ്രദേശവാസികളുടെ പരാതിയിൽ കെ.രാധാകൃഷ്ണൻ എംപിയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുകയും നടപടി സ്വീകരിക്കാൻ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഉന്നയിച്ച ആവശ്യങ്ങളെല്ലാം പരിഹരിക്കാമെന്ന് ദേശീയപാത പ്രൊജക്ട് ഡയറക്ടർ ഉറപ്പ് നൽകി പോയതല്ലാതെ ഒന്നും സംഭവിച്ചില്ല. റോഡ് സുരക്ഷ സംബന്ധിച്ച് വാളയാർ മുതൽ വാണിയമ്പാറ വരെ ദേശീയപാതയിൽ വകുപ്പ് അധികാരികളുടെ സംയുക്ത പരിശോധനയിൽ വേണ്ടതായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലെന്നും റോഡ് നിർമാണത്തിലെ അപാകതയും കണ്ടെത്തിയിരുന്നു. എന്നാൽ തുടർ നടപടി ഉണ്ടായില്ല.