മാത്തൂരിൽ സിപിഎമ്മിൽ വിഭാഗീയത; ലോക്കൽ കമ്മിറ്റിയംഗം രാജിവച്ചു

Mail This Article
കുഴൽമന്ദം∙ മാത്തൂർ പഞ്ചായത്തിലെ സിപിഎമ്മിൽ വിഭാഗീയത. മാത്തൂർ ലോക്കൽ കമ്മിറ്റിയംഗം എം.രാധാകൃഷ്ണൻ രാജിവച്ചു. ഇതു സംബന്ധിച്ചു മാത്തൂർ ലോക്കൽ കമ്മിറ്റിക്കും കുഴൽമന്ദം ഏരിയ കമ്മിറ്റിക്കും കത്തു നൽകി. പാർട്ടിയിൽ നിന്നു സഹകരണവും പിന്തുണയും കിട്ടാത്ത സാഹചര്യത്തിലാണു രാജി. തണ്ണീരങ്കാട് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്നു. പ്രസിഡന്റായിരിക്കെ ബാങ്കിനു കീഴിലെ ചുങ്കമന്ദത്തെ നീതി സ്റ്റാേറിൽ പണമിടപാടിൽ കൃത്രിമം കണ്ടെത്തിയതിനെത്തുടർന്നു നടത്തിപ്പുകാരനിൽ നിന്നു കർശനമായി തുക തിരിച്ച് അടപ്പിച്ചിരുന്നു. 2023-2024 ഓഡിറ്റ് അനുസരിച്ചു ബാങ്കിനു ബാധ്യതയൊന്നും ഇല്ല.
നീതി സ്റ്റോർ നടത്തിപ്പുകാരൻ സ്റ്റോക്കിൽ കൃത്രിമം കാണിച്ചതിന് അടയ്ക്കാനുള്ള തുകയായ 21,15,899 രൂപയ്ക്കു ജോയിന്റ് റജിസ്ട്രാറിൽ നിന്നു ജപ്തിക്കുള്ള ഓർഡർ നൽകിയിട്ടുണ്ട്. ലക്ഷങ്ങളുടെ ക്രമക്കേട് എന്നു കാണിച്ചു കുഴൽമന്ദം പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ കൊടുത്ത് കാര്യക്ഷമതയോടെ പ്രവർത്തിച്ച ബാങ്ക് ജീവനക്കാരെ മാനസികമായി തകർത്ത ആലത്തൂർ അസിസ്റ്റന്റ് റജിസ്ട്രാർക്കെതിരെ പാർട്ടി നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ചാണു രാജി. തേക്കിൻകാട് ബ്രാഞ്ച് സെക്രട്ടറിയും മാത്തൂർ കർഷകസംഘം വില്ലേജ് സെക്രട്ടറിയുമാണ് ഇദ്ദേഹം. ഇക്കഴിഞ്ഞ ഡിസംബറിൽ വിഭാഗീയതയത്തുടർന്നു തേങ്കുറുശ്ശി പഞ്ചായത്തിലെ മഞ്ഞളൂർ ലോക്കൽ കമ്മിറ്റിക്കു കീഴിലെ 17 സിപിഎം പ്രവർത്തകർ രാജിവച്ചിരുന്നു.