കൂറ്റനാട് ടൗണിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

Mail This Article
കൂറ്റനാട് ∙ വേനൽ അടുക്കുന്നതിനു മുൻപു തന്നെ പ്രദേശത്ത് കുടിവെള്ളത്തിനായി നാട്ടുകാർ ബുദ്ധിമുട്ടുമ്പോൾ ശുദ്ധജല പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. നാഗലശ്ശേരി പഞ്ചായത്തിലെ ഒന്നാം വാർഡ് ഉൾക്കൊള്ളുന്ന കൂറ്റനാട് ടൗണിലാണ് ജലവകുപ്പിന്റെ പൈപ്പ് പൊട്ടി ജലം പാഴാകുന്നത്. കൂറ്റനാട് പെട്രോൾ പമ്പിന് എതിർവശത്തായി റോഡരികിലുളള പൈപ്പണ് വെളളിയാഴ്ച തകരാറിലായത്. മണ്ണിനടിയിൽ നിന്നും പൊട്ടിയ പൈപ്പിൽ നിന്നും ശക്തിയായി വെള്ളം റോഡിലേക്ക് കുത്തിയൊഴുകുകയാണ്. പൈപ്പ് പൊട്ടിയതിനാൽ വെള്ളം റോഡിലൂടെ ഒലിച്ച് കൂറ്റനാട് ഗുരുവായൂർ ബസ് സ്റ്റോപ്പിനു മുന്നിലൂടെയാണ് ഒഴുകിപ്പോകുന്നത്.
ബസ് കാത്തുനിൽപു കേന്ദ്രത്തിൽ നിൽക്കുന്നവർക്ക് പൈപ്പിൽ നിന്നു റോഡരികിലൂടെ എത്തുന്ന വെള്ളം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. കുടിവെള്ളം ഒലിച്ചു പോകുന്ന സ്ഥലത്ത് വെള്ളവും ചെളിയും കെട്ടിനിൽക്കുന്ന അവസ്ഥയുമുണ്ട്. വേനൽക്കാലമായതിനാൽ പ്രദേശത്ത് വലിയതോതിൽ കുടിവെള്ളക്ഷാമം അനുഭവിക്കുന്നതിനിടെയാണ് വെള്ളം പാഴായിപ്പോകുന്നത്. നിലവിൽ മേഖലയിൽ ആവശ്യത്തിന് ജലം ലഭിക്കാത്തതിനാൽ ഒന്നിടവിട്ട ദിവസങ്ങളിലാണു പൈപ്പ് വെള്ളം ലഭിക്കുന്നത്.