പാലക്കാട് ജില്ലയിൽ ഇന്ന് (11-03-2025); അറിയാൻ, ഓർക്കാൻ

Mail This Article
ഇന്ന്
∙ ഉയർന്ന അൾട്രാ വയലറ്റ് സൂചിക രേഖപ്പെടുത്തിയതിനാൽ രാവിലെ 10 മുതൽ ഉച്ചയ്ക്കുശേഷം 3 വരെ നേരിട്ടു വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കണം.
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത.
∙ കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
∙ കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനം പാടില്ല.
ചിനക്കത്തൂർ പൂരം: ഗതാഗത നിയന്ത്രണം
ഒറ്റപ്പാലം ∙ ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ചു നാളെ പാലക്കാട്–കുളപ്പുള്ളി പ്രധാന പാതയിൽ ഗതാഗത നിയന്ത്രണം. ഉച്ചയ്ക്ക് ഒന്നു മുതൽ രാത്രി 10 വരെയാണിതെന്നു പൊലീസ് അറിയിച്ചു. പാലക്കാടു ഭാഗത്തു നിന്നുള്ള വാഹനങ്ങൾ മംഗലത്തു നിന്നു തിരിഞ്ഞു മുളഞ്ഞൂർ മുരുക്കുംപറ്റ, വരോട്, കോതകുറുശി വഴി വാണിയംകുളത്തേക്കു പോകണം. കുളപ്പുള്ളി ഭാഗത്തു നിന്നു പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ വാണിയംകുളത്തു നിന്നു തിരിഞ്ഞു മംഗലത്തേക്കു പോകണം. മായന്നൂർ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ പാലം പരിസരത്തു ടോൾ പ്ലാസയ്ക്കു സമീപത്തു നിന്നു തിരിഞ്ഞുപോകണം. പോക്കറ്റ് റോഡുകളിൽ നിന്നുള്ള വാഹനങ്ങൾ ഹൈവേയിൽ പ്രവേശിക്കാൻ അനുവദിക്കില്ല. പൂരം ദിവസം കയറംപാറ മുതൽ ലക്കിടി കൂട്ടുപാത വരെയുള്ള ഭാഗങ്ങളിൽ പാതയോരത്തു പാർക്കിങ് അനുവദിക്കില്ല. പൊലീസ്, ആംബുലൻസ്, ഫയർഫോഴ്സ് ഉൾപ്പെടെ വിവിധ വകുപ്പുകളുടെ വാഹനങ്ങൾക്കും പാസുള്ള വാഹനങ്ങൾക്കും നിയന്ത്രണം ബാധകമല്ലെന്നു പൊലീസ് അറിയിച്ചു.
വൈദ്യുതി തടസ്സം
കോങ്ങാട് ∙ മാഞ്ചേരിക്കാവ് കുമ്മാട്ടിയോടനുബന്ധിച്ചു കാളവേല എഴുന്നള്ളിപ്പ് നടക്കുന്നതിനാല്‍ പുളിയാൻകാട്, തോട്ടം, മണ്ണന്തറ, വെട്ടുകുളം, മഞ്ചേരിക്കാവ്, വെള്ളയംത്തോട് എന്നീ ഭാഗങ്ങളിൽ ഇന്ന് വൈകിട്ട് 3 മുതൽ രാത്രി 12 വരെ വൈദ്യുതി തടസ്സം ഉണ്ടാകുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.
ലവൽ ക്രോസ് അടയ്ക്കും
കൊല്ലങ്കോട്് ∙ പുതുനഗരം–കൊല്ലങ്കോട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ 37-ാം നമ്പർ കരിപ്പോട് ലവൽ ക്രോസ് ഇന്ന് വൈകിട്ട് 6 മണി മുതൽ 13 ന് രാവിലെ 10 മണി വരെ അടച്ചിടുമെന്ന് സീനിയർ സെക്‌ഷൻ എൻജിനീയർ അറിയിച്ചു. കരിപ്പോട്-പല്ലശ്ശന വഴി പോകേണ്ട വാഹനങ്ങൾ പല്ലശ്ശന-ആലത്തൂർ വഴിയോ പല്ലശ്ശന-കൊല്ലങ്കോട് വഴിയോ പോകണം.
അട്ടപ്പാടി താലൂക്ക് സ്പെഷ്യൽറ്റി ആശുപത്രി അൾട്രാസൗണ്ട് സ്‌കാനിങ് 16 മുതൽ
കോട്ടത്തറ ∙ അട്ടപ്പാടി ട്രൈബൽ താലൂക്ക് സ്പെഷ്യൽറ്റി ആശുപത്രിയിൽ അൾട്രാസൗണ്ട് സ്‌കാനിങ് 16ന് ആരംഭിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. വിവരങ്ങൾക്കും ബുക്കിങ്ങിനും: 04924 254392