പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ വൻ വികസന സാധ്യത; പ്രതീക്ഷ

Mail This Article
പട്ടാമ്പി ∙ വികസന പ്രതീക്ഷയിലാണ് പട്ടാമ്പി റെയിൽവേ സ്റ്റേഷൻ. അടിസ്ഥാന സൗകര്യങ്ങൾ കൂടി ഇല്ലാത്ത റെയിൽവേ സ്റ്റേഷനിൽ നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങൾ ഏറെയുണ്ട്. മറ്റ് സ്റ്റേഷനുകളെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണവും സ്റ്റേഷൻ വരുമാനവും പട്ടാമ്പിയിൽ ഒട്ടും കുറവല്ല. യാത്രക്കാർക്ക് മറ്റ് സ്റ്റേഷനുകളിൽ നിന്നു ലഭിക്കുന്ന സൗകര്യങ്ങളൊന്നും നിലവിൽ പട്ടാമ്പി സ്റ്റേഷനിൽ നിന്നു ലഭിക്കുന്നില്ല. റെയിൽവേയുടെ അടിയന്തിര ശ്രദ്ധ ഇക്കാര്യത്തിൽ വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുണ്ട് പട്ടാമ്പി റെയിൽവേ സ്റ്റേഷന്.
കേരളത്തിൽ ബ്രിട്ടിഷുകാരുടെ ഭരണ കാലത്ത് സ്ഥാപിക്കപ്പെട്ട റെയിൽവേ ലൈനിൽ ആദ്യത്തെ റെയിൽവേ ലൈനുകളിൽ ഒന്നാണ് പട്ടാമ്പി. പോത്തന്നൂരിൽ നിന്നും പട്ടാമ്പി വരെയാണ് ആദ്യ റെയിൽവേ ലൈൻ വന്നത്. അന്ന് നിലവിൽ വന്ന പട്ടാമ്പി സ്റ്റേഷന് ശേഷം നിലവിൽ വന്ന പല സ്റ്റേഷനുകളിലും ഒട്ടേറെ വികസനം ഉണ്ടായത്് കണക്കിലെടുക്കുമ്പോൾ പട്ടാമ്പി സ്റ്റേഷൻ വികസന കാര്യത്തിൽ ഏറെ പിറകിലാണ്. ദിവസം രണ്ടായിരത്തിലധികം യാത്രക്കാർ വന്ന് പോകുന്ന സ്റ്റേഷൻ, ഒന്നര ലക്ഷത്തിനും രണ്ട് ലക്ഷത്തിന് ഇടയിൽ ദിവസം ടിക്കറ്റ് വിൽപന വരുമാനം ഇതെല്ലാം കണക്കിലെടുക്കുമ്പോൾ യാത്രക്കാർക്ക് സ്റ്റേഷനിൽ നിന്ന് ലഭിക്കേണ്ട സൗകര്യം വർധിപ്പിക്കേണ്ടത് ആവശ്യമാണ്്.
സ്റ്റേഷനിൽ എസി. വെയിറ്റിങ് ഹാൾ വേണം. ആവശ്യത്തിന് വൃത്തിയുളള ശുചിമുറികൾ വേണം, ലഘു ഭക്ഷണ ശാല വേണം, വനിതകൾക്ക് മാത്രമായി കാത്തിരിപ്പ് കേന്ദ്രം വേണം, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ പൊലീസ് ഔട്ട് പോസ്റ്റ് വേണം, സ്റ്റേഷനിൽ നിരീക്ഷണ ക്യാമറകൾ വേണം വിശാലമായ വാഹന പാർക്കിങ് സ്ഥലം വേണം തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ മാത്രമാണ് യാത്രക്കാരുടെ ആവശ്യം. ഒറ്റപ്പാലം, കുറ്റിപ്പുറം സ്റ്റേഷനുകളുടെ ഒപ്പമോ അതിൽ കൂടുതലോ വരുമാനം പട്ടാമ്പി സ്റ്റേഷനിലുണ്ട്. സ്ഥിരയാത്രക്കാരായി ആയിരത്തിലധികം പേർ കാണും. ഷൊർണൂർ സ്റ്റേഷനിൽ വരുന്ന അത്രതന്നെ പേർ പട്ടാമ്പിയിലും റിസർവേഷൻ കൗണ്ടർ ഉപയോഗപ്പെടുത്തുന്നുണ്ട്.
32 വണ്ടികൾക്ക് പട്ടാമ്പിയിൽ സ്റ്റോപ്പുണ്ട്. അത്ര തന്നെ വണ്ടികൾ പട്ടാമ്പിയിൽ നിർത്താതെ പോകുന്നുമുണ്ട്. ഇതിൽ ചെന്നെെ മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിനും, കണ്ണൂർ യശ്വന്ത്പൂർ എക്സ്പ്രസിനും പട്ടാമ്പിയിൽ സ്റ്റോപ്പ് അനുവദിച്ചാൽ യാത്രക്കാർക്ക് വലിയ അനുഗ്രഹമാകും. ഇൗ രണ്ട് വണ്ടികൾക്കും കുറ്റിപ്പുറത്ത് സ്റ്റോപ്പുണ്ട്. ഏറണാകുളം കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസിന് ഏറെ നാളത്തെ ആവശ്യത്തിനു ശേഷം പട്ടാമ്പിയിൽ സ്റ്റോപ്പ് അനുവദിക്കുമ്പോൾ റെയിൽവേ സംശയിച്ചിരുന്നു. ഇൗ സ്റ്റോപ്പ് പട്ടാമ്പി നിലനിർത്തുമോ എന്ന്. യാത്രക്കാരുടെ എണ്ണം റെയിൽവേ കണക്കു കൂട്ടിയതിലും ഇരട്ടിയായതോടെ സ്റ്റോപ്പ് പട്ടാമ്പിക്ക് നിലനിർത്താനായി.
പട്ടാമ്പിയിൽ പല വണ്ടിക്കും സ്റ്റോപ്പില്ലാത്തതിനാൽ യാത്രക്കാർക്ക് ഷൊർണൂരിൽ പോയി വണ്ടി കയറേണ്ട അവസ്ഥയും പട്ടാമ്പിലൂടെ കടന്നുപോയി ഷൊർണൂരിൽ ഇറങ്ങി പട്ടാമ്പിയിലേക്ക് തിരിച്ച് യാത്ര ചെയ്യേണ്ട അവസ്ഥയുമുണ്ട്. റെയിൽവേ മനസ്സു വച്ചാൽ നഷ്ടമെന്നും ഇല്ലാതെ തന്നെ പട്ടാമ്പി സ്റ്റേഷനിൽ കൂടുതൽ വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കാനും സ്റ്റേഷന്റെ നില മെച്ചപ്പെടുത്താനുമാകും. പട്ടാമ്പി സ്റ്റേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന വി.കെ.ശ്രീകണ്ഠൻ എംപിയുടെ വാഗ്ദാനം പട്ടാമ്പിക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഇത് സാധ്യമാകുന്നതോടെ പട്ടാമ്പി സ്റ്റേഷന്റെ നില മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.