നിയമം പാലിക്കാതെ വീണ്ടും കന്നുകാലിക്കടത്ത്; വാളയാറിൽ ഒരു ലക്ഷം പിഴ ഈടാക്കി

Mail This Article
വാളയാർ ∙ നിയമം പാലിക്കാതെ വാഹനങ്ങളിൽ കന്നുകാലികളെ കുത്തിനിറച്ചുള്ള കാലിക്കടത്ത് വീണ്ടും. ഒരാഴ്ചയ്ക്കിടെ വാളയാറിൽ 11 കേസുകൾ പിടികൂടി. ഇന്നലെ 9 കേസുകളാണു റജിസ്റ്റർ ചെയ്തത്. വാളയാർ മൃഗസംരക്ഷണ വകുപ്പിന്റെ ആർടി ചെക്പോസ്റ്റ്, പൊലീസിന്റെ സഹായത്തോടെ 9 വാഹനങ്ങളിൽ നിന്നായി 70,000 രൂപയിലേറെ പിഴയീടാക്കി. ഇതു കൂടാതെ സർക്കാരിലേക്ക് അടയ്ക്കേണ്ട എൻട്രി ഫീസായി ഒരു കന്നുകാലിയിൽ നിന്നു 80 രൂപ വീതവും പിടിച്ചെടുത്തു. ഇത്തരത്തിൽ ഒരു ലക്ഷം രൂപയിലേറെ ഇന്നലെ മാത്രം വാളയാറിൽ പിഴയായി ലഭിച്ചു.
അളവിൽ കൂടുതൽ കന്നുകാലികകളെ കയറ്റുക, വെറ്ററിനറി ഡോക്ടറുടെ സർട്ടിഫിക്കറ്റ് സൂക്ഷിക്കാതിരിക്കുക, പ്രഥമശുശ്രൂഷാ കിറ്റും കാലിത്തീറ്റയോ വെള്ളമോ സൂക്ഷിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് വാഹനങ്ങളിൽ കണ്ടെത്തിയത്. സേലത്തു നിന്ന് ആലുവയിലേക്കുപോയ ചരക്കുലോറിയിൽ ഒരു പശുക്കിടാവ് ചത്തതായും കണ്ടെത്തി. ഈ വാഹനത്തിൽ നിന്നു മാത്രം 10000 രൂപ പിഴയായി ഈടാക്കി. വാളയാർ വെറ്ററിനറി കേന്ദ്രത്തിനു സമീപം പശുക്കിടാവിനെ സംസ്കരിച്ചു. ഈ സംഭവത്തിൽ വാഹന ഡ്രൈവർ ആലുവ സ്വദേശി ടി.വൈ.റഹീമിനെതിരെ (35) കേസെടുത്തു.
13 കന്നുകാലികൾക്കു പകരം 22 കന്നുകാലികളെ ഈ വാഹനത്തിൽ കുത്തിനിറച്ചിരുന്നെന്നും അമിതഭാരം കയറ്റാൻ വാഹനത്തിനു മേൽതട്ട് ഒരുക്കിയിരുന്നെന്നും തിരക്കിൽ ഞെരിഞ്ഞമർന്നാണു പശുക്കിടാവ് ചത്തതെന്നും മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. മൃഗസംരക്ഷണ ചെക്പോസ്റ്റിൽ നിർത്താതെ പാഞ്ഞു പോയ ചരക്കുലോറി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ നിർദേശ പ്രകാരം ടോൾപ്ലാസയ്ക്കു സമീപത്തുവച്ച് പൊലീസ് പിന്തുടർന്നു പിടികൂടിയാണ് 4 കേസുകൾ റജിസ്റ്റർ ചെയ്തത്. 3 ദിവസം മുൻപ് കണ്ടെയ്നറിലെ കന്നുകാലിക്കടത്ത് ഉൾപ്പെടെ 2 കേസുകൾ വാളയാറിൽ റജിസ്റ്റർ ചെയ്തിരുന്നു. മൃഗസംരക്ഷണ വകുപ്പ് ചെക്പോസ്റ്റ് ഉദ്യോഗസ്ഥരും വാളയാർ ഇൻസ്പെക്ടർ എൻ.എസ്.രാജീവും ചേർന്നാണു കേസിൽ തുടരന്വേഷണം നടത്തുന്നത്.