ശ്മശാന ഭൂമിയിലേക്കുള്ള വഴി അടച്ചെന്നു പരാതി; പ്രദേശത്ത് തർക്കവും സംഘർഷാവസ്ഥയും

Mail This Article
കഞ്ചിക്കോട് ∙ പുതുശ്ശേരി കൊളയക്കോട് കോരയാർ പുഴയോരത്തെ ശ്മശാന ഭൂമിയിലേക്കുള്ള വഴി പുഴയോരം അനധികൃതമായി കയ്യേറിയ സ്വകാര്യ വ്യക്തി മതിൽ കെട്ടി അടച്ചെന്നു പരാതി. സംസ്കാര ചടങ്ങിന് എത്തിയവർ കെട്ടിയടച്ച മതിൽ പൊളിച്ചു നീക്കാൻ ശ്രമിച്ചത്, സ്വകാര്യ വ്യക്തിയുടെ തൊഴിലാളികൾ തടഞ്ഞതോടെ പ്രദേശത്ത് നേരിയ സംഘർഷാവസ്ഥയ്ക്ക് ഇടയാക്കി. സംസ്കാര ചടങ്ങിനെത്തിയവരും തൊഴിലാളികളും തമ്മിൽ തർക്കത്തിലേക്കും സംഘർഷാവസ്ഥയിലേക്കും നീങ്ങിയതോടെ പൊലീസ് സ്ഥലത്ത് എത്തിയാണ് ഒടുവിൽ തർക്കം പരിഹരിച്ചത്.
എട്ടു സമുദായങ്ങൾക്കുള്ള ശ്മശാന ഭൂമിയിലേക്കുള്ള വഴിയാണ് സ്വകാര്യ വ്യക്തി അനധികൃതമായി പുഴയോരം കയ്യേറി കെട്ടിയടച്ചത്. കസബ പൊലീസ് സ്ഥലത്തെത്തി സംസ്കാര ചടങ്ങുകൾ നടത്താൻ അനുവദിച്ചതോടെയാണ് താൽക്കാലികമായി തർക്കം പരിഹരിച്ചത്. 8 സമുദായങ്ങൾ വർഷങ്ങളായി സംസ്കാര ചടങ്ങുകൾ നടത്തുന്നത് ഇവിടെയാണ്. കോരയാർ പുഴയിലെ അനധികൃത കയ്യേറ്റത്തിനെതിരെ പഞ്ചായത്ത് ഇടപെടണമെന്നു കൊളയക്കോട് ശ്മശാന സംരക്ഷണ സമിതി അറിയിച്ചു.
നേരത്തെ പുഴയോരത്തെ അനധികൃത കയ്യേറ്റത്തിനെതിരെ ജില്ലാ കലക്ടർ, തഹസിൽദാർ, പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫിസർ എന്നിവർക്ക് പരാതി നൽകിയിട്ടും ഫലം കാണുന്നില്ലെന്നാണ് ശ്മശാന സംരക്ഷണ സമിതി പറയുന്നത്. പരമ്പരാഗതമായ രീതിയിൽ സംസ്കാരം നടത്താനുള്ള അവകാശം തടയുകയാണെന്നും ഇവർ ആരോപിച്ചു. ശ്മശാനത്തിലേക്കുള്ള വഴി പൂർവസ്ഥിതിയിലാക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ പുതുശ്ശേരി പഞ്ചായത്തും പുതുശ്ശേരി വെസ്റ്റ് വില്ലേജ് ഓഫിസും ഉപരോധിച്ചുള്ള സമരത്തിലേക്ക് കടക്കുമെന്ന് ശ്മശാന സംരക്ഷണ സമിതി അറിയിച്ചു.