പട്ടാമ്പിയിൽ 148.15 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

Mail This Article
പട്ടാമ്പി ∙ കഴിഞ്ഞ ദിവസം പട്ടാമ്പി മീൻ മാർക്കറ്റിന് സമീപം 148.15 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ബെംഗളൂരുവിൽനിന്നു എംഡിഎംഎ കൊണ്ടുവരുന്നതിനു സഹായം ചെയ്യുന്ന വളാഞ്ചേരി വലിയകുന്ന് പള്ളിയാലിൽ വീട്ടിൽ മുഹമ്മദ് ഫജാസിനെക്കുറിച്ച് (22) വിവരം ലഭിച്ചത്. പൊലീസ് നിരീക്ഷണത്തിലായിരുന്ന ഇയാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയായിരുന്നു.
കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള കാര്യം പരിശോധിച്ച് വരികയാണെന്നും ലഹരിവിൽപനയും ഉപയോഗവും നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ഷൊർണൂർ ഡിവൈഎസ്പി ആർ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിലെ അംഗങ്ങളായ പട്ടാമ്പി പൊലീസ് ഇൻസ്‌പെക്ടർ പി.കെ. പത്മരാജൻ, എസ്ഐ കെ. മണികണ്ഠൻ, പ്രൊബേഷൻ എസ്ഐ കെ. ശ്രീരാഗ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.