പട്ടാമ്പിക്കു ശ്വാസം വിടാം, റെയിൽവേ കനിഞ്ഞാൽ; റെയിൽവേ പാർക്കിങ് വിസ്തൃതമാക്കിയാൽ തിരക്കൊഴിയും

Mail This Article
പട്ടാമ്പി ∙ യാത്രക്കാർക്കു കൂടുതൽ സൗകര്യങ്ങൾ ലഭിക്കാൻ റെയിൽവേ നടപടികൾക്കു കാത്തിരിപ്പാണു പട്ടാമ്പി റെയിൽവേ സ്റ്റേഷൻ. സ്റ്റേഷൻ വികസനത്തിന് ആവശ്യമായ സ്ഥലം സ്റ്റേഷനോടു ചേർന്നു തന്നെയുണ്ട്. വികസിക്കാനിടമില്ലാതെ വീർപ്പുമുട്ടുന്ന പട്ടണമാണു പട്ടാമ്പി. പട്ടാമ്പിയുടെ വികസന തടസ്സത്തിന് ഒരു കാരണം ടൗണിനെ രണ്ടാക്കി കടന്നുപോകുന്ന റെയിൽവേ ലൈനാണ്. ഒരു ഭാഗത്തു പുഴയും മറുഭാഗത്തു റെയിൽവേ ലൈനും കാരണം ടൗണിനു വികസിക്കാനിടമില്ല. ടൗണിൽ വാഹനത്തിരക്കും വാഹനക്കുരുക്കും ഒഴിഞ്ഞ നേരമില്ല. വീതി കുറഞ്ഞ റോഡും റോഡരികിലെ പാർക്കിങ്ങും കുരുക്കു മുറുക്കുന്നു. പാർക്കിങ്ങിനു വേണ്ടത്ര സ്ഥലമില്ലാത്തതു ടൗൺ നേരിടുന്ന വലിയ പ്രശ്നമാണ്. റെയിൽവേ കനിഞ്ഞാൽ ഇൗ പ്രശ്നത്തിനു പരിഹാരമാകും.

റെയിൽവേ പാർക്കിങ് സ്ഥലം പേരിനു മാത്രമാണിപ്പോൾ. കാർ പാർക്കിങ്ങിനു റെയിൽവേ അനുവദിച്ച സ്ഥലം വളരെ കുറവാണ്. ഇവിടെ 25ൽ കൂടുതൽ കാറുകൾ നിർത്തിയിടാനാകില്ല. ബൈക്ക് പാർക്കിങ്ങിന് ആവശ്യത്തിനു സ്ഥലമുണ്ട്. പാർക്കിങ് നിറയുന്നതോടെ റെയിൽവേ സ്റ്റേഷനിലേക്കു വരുന്ന കാറുകൾ നിർത്തിയിടാൻ സ്ഥലമന്വേഷിച്ചു ടൗണിലൂടെ ചുറ്റിത്തിരിയണം. റെയിൽവേ സ്റ്റേഷനോടു ചേർന്ന് ഏക്കർ കണക്കിനു റെയിൽവേ സ്ഥലം കാടുപിടിച്ചു കിടക്കുമ്പോഴാണു കാറുകൾ നിർത്തിയിടാൻ സ്ഥലമില്ലാതെ വിഷമിക്കുന്നത്. കാർ പാർക്കിങ് ഇവിടേക്കു വ്യാപിപ്പിക്കാൻ റെയിൽവേ അനുമതി നൽകിയാൽ സ്റ്റേഷേനിലേക്കു വരുന്നവർക്കു മാത്രമല്ല, ടൗണിൽ വരുന്നവർക്കും കാർ നിർത്തിയിടാൻ സ്ഥലമാകും. ഇപ്പോഴിവിടം സാമൂഹികവിരുദ്ധരുടെയും അലഞ്ഞു തിരിയുന്ന നായ്ക്കളുടെയും ഇഴജന്തുക്കളുടെയും കേന്ദ്രമാണ്.
റെയിൽവേ പ്ലാറ്റ്ഫോമിന്റെ കിഴക്കേ അറ്റത്താണു സ്റ്റേഷൻ കെട്ടിടം. ഒന്നും രണ്ടും പ്ലാറ്റ് ഫോമുകളുടെ പടിഞ്ഞാറേ അറ്റം പലപ്പോഴും യാചകരും സാമൂഹികവിരുദ്ധരും ലഹരി വിൽപനക്കാരും കയ്യടക്കിയിരിക്കും. രാത്രി ഇവരുടെ ഭീഷണിയേറും. സ്റ്റേഷൻ ‘അമൃത്’ പദ്ധതിയിൽ ഉൾപ്പെടുത്തി വികസന പ്രവർത്തനങ്ങൾ നടത്തുമ്പോൾ കെട്ടിടം പ്ലാറ്റ്ഫോമുകളുടെ മധ്യത്തിലേക്കു മാറ്റി സ്ഥാപിക്കുന്നതും പഴയ ബസ് സ്റ്റാൻഡിലേക്കു സ്റ്റേഷനിൽ നിന്നു പുതിയ വഴി തുറക്കുന്നതും സ്റ്റേഷന്റെ മുഖഛായ മാറ്റാനുപകരിക്കും. നിലവിൽ സ്റ്റേഷനിലേക്കു ടൗണിൽ നിന്നു പ്രവേശിക്കുന്ന റോഡ് വീതി കുറഞ്ഞതാണ്. സ്റ്റേഷനിലെ ശല്യക്കാരെ ഇല്ലാതാക്കാൻ റെയിൽവേ പൊലീസ് ഔട്ട് പോസ്റ്റും നിരീക്ഷണ ക്യാമറയും വേണമെന്ന യാത്രക്കാരുടെ ആവശ്യവും റെയിൽവേ പരിഗണിക്കേണ്ടതാണ്.