കഞ്ചാവു കടത്തില്ലെന്നു പറഞ്ഞ ഓട്ടോ ഡ്രൈവറെ മർദിച്ചു; 3 പേർ അറസ്റ്റിൽ

Mail This Article
പാലക്കാട് ∙ ഓട്ടോയിൽ ലഹരി കടത്താൻ വിസമ്മതിച്ച ഡ്രൈവറെ ക്രൂരമായി മർദിച്ചു കവർച്ച നടത്തിയ സംഭവത്തിൽ 3 പേരെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ കൂട്ടുപാത കനാൽവരമ്പ് സ്വദേശി സ്മിഗേഷ് എന്ന ഷാജി (36), കരിങ്കരപ്പുള്ളി സ്വദേശികളായ അനീഷ് (30), ജിതിൻ എന്ന ജിത്തു (23) എന്നിവരെ റിമാൻഡ് ചെയ്തു. വടവന്നൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർ അബ്ബാസിനാണ് മർദനമേറ്റത്. മാർച്ച് ഒന്നിനു വൈകിട്ട് 4.30നു ജില്ലാ ആശുപത്രി പരിസരത്തു നിന്നു രോഗിയെ കയറ്റാനെന്ന വ്യാജേന ജിതിൻ കൂട്ടുപാതയിലേക്ക് ഓട്ടോ വിളിക്കുകയായിരുന്നു. കൂട്ടുപാത എത്തിയപ്പോൾ കുപ്പിയോട്ടേക്കു പോകണമെന്നായി ആവശ്യം.
കുപ്പിയോടെത്തിയപ്പോൾ സ്മിഗേഷും അനീഷും കൂടി കയറി ആളൊഴിഞ്ഞ കാടു നിറഞ്ഞ സ്ഥലത്തേക്കു പോകാൻ ആവശ്യപ്പെട്ടു. എന്തിനാണെന്നു ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും കഴുത്തിനു പിടിച്ചു മർദിച്ചെന്നും അബ്ബാസ് പറഞ്ഞു. കഞ്ചാവ് എടുക്കാനുണ്ടെന്നും തിരികെ ടൗൺ സ്റ്റാൻഡിൽ ഇറക്കണം എന്നും പ്രതികൾ ആവശ്യപ്പെട്ടു. ഓട്ടോയിൽ കഞ്ചാവു കൊണ്ടുപോകാൻ പറ്റില്ലെന്നു പറഞ്ഞപ്പോൾ പ്രതികളെ കൂടാതെ അവിടെയെത്തിയ അഞ്ചിലധികം പേർ തന്നെ മർദിച്ചതായി അബ്ബാസ് പറഞ്ഞു. പഴ്സും 2500 രൂപയും കവർന്നു.
കണ്ണിന്റെ താഴെയുള്ള എല്ലിനടക്കം ഗുരുതരമായി പരുക്കേറ്റ അബ്ബാസ് ആദ്യം ജില്ലാ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. പിടിയിലായ സ്മിഗേഷ് 120 കിലോ കഞ്ചാവു കടത്തിയ കേസിൽ ആന്ധപ്രദേശിലും വേറെ കഞ്ചാവു കേസിൽ കസബ, മലമ്പുഴ സ്റ്റേഷനുകളിലും പ്രതിയാണ്. ജിതിൻ കസബ, ടൗൺ സൗത്ത് സ്റ്റേഷനുകളിൽ കഞ്ചാവു കടത്ത്, കൊലപാതകശ്രമം തുടങ്ങിയ കേസുകളിലെ പ്രതിയാണ്. കസബ ഇൻസ്പെക്ടർ എം.സുജിത്ത്, എസ്ഐമാരായ വിപിൻ രാജ്, വി.ഉദയകുമാർ, എ.ജതി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ആർ.രാജീദ്, സി.സുനിൽ, സി.മുകേഷ്, എൻ.സായൂജ് എന്നിവരാണു പ്രതികളെ പിടികൂടിയത്.