വാളയാർ അണക്കെട്ടിലെ മണ്ണെടുപ്പ് 50 ശതമാനം പൂർത്തിയായി; ആകെ എടുക്കുക 13 ലക്ഷം ക്യൂബിക് മീറ്റർ മണ്ണ്

Mail This Article
വാളയാർ ∙ ജില്ലയിലെ അതിർത്തി പ്രദേശങ്ങളിലെയും കിഴക്കൻ മേഖലയിലെയും കർഷകരുടെ പ്രധാന ആശ്രയമായ വാളയാർ ഡാം ആഴം കൂട്ടാനും ചെളി നീക്കാനുമായി നടത്തുന്ന ഖനനം 50 ശതമാനം പൂർത്തിയായി. ഡാം പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി പ്രത്യേക പ്ലാന്റ് സ്ഥാപിച്ച് നടത്തുന്ന ഖനനത്തിൽ ഇതുവരെയായി 6.10 ലക്ഷം ക്യൂബിക് മീറ്റർ മണ്ണും മണലും ഖനനം ചെയ്തെടുത്തു. ഇതിൽ എഴുപതിനായിരം ക്യൂബിക് മീറ്റർ ടെൻഡർ വഴി വിൽപന നടത്തി.
13 ലക്ഷം ക്യൂബിക് മീറ്റർ മണ്ണാണ് ആകെ എടുക്കുക. 5 മാസമായി അണക്കെട്ടിൽ വെള്ളം നിറഞ്ഞതിനാൽ ടിപ്പറുകൾക്ക് ഖനനം ചെയ്ത മണലും മണ്ണും പുറത്ത് എത്തിക്കാൻ പറ്റാത്തത് കാരണം വിൽപന നീണ്ടതും കൂടുതൽ മണലും മണ്ണും സംഭരിച്ചു വച്ചതും മണ്ണെടുപ്പ് പ്രക്രിയയ്ക്ക് താൽക്കാലിക തടസ്സമായിരുന്നു. നൂതന വിദ്യയായ ‘ന്യൂമാറ്റിക് ട്രഞ്ചിങ് മെഷീൻ’ ഉപയോഗിച്ച് ഖനനം നടത്താൻ പദ്ധതി ഇട്ടിരുന്നെങ്കിലും അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കുമെന്ന കാരണത്താൽ ജലസേചന വകുപ്പ് അനുമതി നിഷേധിച്ചു.
നിലവിൽ അണക്കെട്ടിലെ വെള്ളം കുറഞ്ഞതിനാൽ ഈ ആഴ്ച തന്നെ ഖനനം ചെയ്തെടുത്ത ബാക്കി മണ്ണും മണലും വിൽപനയ്ക്കായി കൊണ്ട് പോകും. അടുത്ത മൂന്ന് മാസത്തിനുള്ളിൽ 80 ശതമാനം പണി പൂർത്തിയാക്കാനുമാണ് അധികൃതർ ലക്ഷ്യമിടുന്നത്.കേരള സ്റ്റേറ്റ് മിനറൽ ഡവലപ്മെന്റ് കോർപറേഷന്റെ (കെംഡൽ) നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായ അവന്തിക കോൺട്രാക്ടേഴ്സ് ലിമിറ്റഡിനാണ് നിർമാണ ചുമതല.