ADVERTISEMENT

കൊഴിഞ്ഞാമ്പാറ ( പാലക്കാട്) ∙ വീട്ടിലെ ദോഷം തീർക്കാൻ പൂജ ചെയ്യാനെന്ന വ്യാജേന ജ്യോത്സ്യനെ വിളിച്ചുവരുത്തി ഹണി ട്രാപ്പിൽ പെടുത്തി കവർച്ച. സ്ത്രീയുൾപ്പെടെ രണ്ടു പേർ പിടിയിൽ. കൊഴിഞ്ഞാമ്പാറ കല്ലാണ്ടിച്ചള്ളയിലെ വീടു കേന്ദ്രീകരിച്ചു നടത്തിയ ഹണി ട്രാപ് കവർച്ചയിലാണു മലപ്പുറം മഞ്ചേരി സ്വദേശിനി ഗൂഡലൂരിൽ താമസിക്കുന്ന മൈമുന (44), നല്ലേപ്പിള്ളി കുറ്റിപ്പള്ളം പാറക്കാൽ എസ്.ശ്രീജേഷ് (24) എന്നിവരെ കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്. ഇന്നലെ ഉച്ചയോടെയാണു സംഭവം. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണു തട്ടിപ്പിനിരയായത്.

സംഭവത്തെക്കുറിച്ചു പൊലീസ്: ചൊവ്വാഴ്ച വൈകിട്ട് മൈമുനയും ഒരു യുവാവും കൊല്ലങ്കോട്ടെ ജ്യോത്സ്യന്റെ വീട്ടിലെത്തി. ഭർത്താവുമായി പിണങ്ങിക്കഴിയുകയാണെന്നും വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും പൂജ ചെയ്തു പരിഹാരം കാണണമെന്നും പറഞ്ഞു. ഇന്നലെ രാവിലെ പതിനൊന്നോടെ കൊഴിഞ്ഞാമ്പാറയിലെത്തിയ ജ്യോത്സ്യനെ രണ്ട് യുവാക്കൾ ചേർന്നു കല്ലാണ്ടിച്ചള്ളയിലെ വീട്ടിലേക്കു കൊണ്ടുപോയി. കൊലപാതകം ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകളിൽ പ്രതിയായ എൻ.പ്രതീഷിന്റെ (36) വീടായിരുന്നു അത്.

വീട്ടിൽ പൂജയ്ക്കുള്ള ഒരുക്കങ്ങൾക്കിടെ പ്രതീഷ് ജ്യോത്സ്യനെ അസഭ്യം പറഞ്ഞ് മുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി മർദിച്ചു വിവസ്ത്രനാക്കി. അതിനുശേഷം മൈമുനയെ ജ്യോത്സ്യനൊപ്പം നിർത്തി നഗ്നഫോട്ടോയും വിഡിയോയും ചിത്രീകരിച്ചു. ജ്യോത്സ്യന്റെ നാലര പവന്റെ സ്വർണമാലയും മൊബൈൽ ഫോണും പണവും കൈക്കലാക്കി. 20 ലക്ഷം രൂപ ആവശ്യപ്പെടുകയും കൊടുത്തില്ലെങ്കിൽ നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്നും ബന്ധുക്കൾക്ക് അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി.രണ്ടു സ്ത്രീകൾ ഉൾപ്പെടെ 9 പേർ വീട്ടിലുണ്ടായിരുന്നു.

എന്നാൽ, മറ്റൊരു അടിപിടിക്കേസുമായി ബന്ധപ്പെട്ട് മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്നു പ്രതീഷിന്റെ വീട്ടിൽ പൊലീസ് എത്തിയതാണു സംഭവങ്ങൾക്ക് അപ്രതീക്ഷിത തിരിവുണ്ടാക്കിയത്. പൊലീസിനെ കണ്ട് വീട്ടിലുണ്ടായിരുന്നവർ കടന്നുകളഞ്ഞു. ഈ തക്കത്തിനു പിന്നിലെ വാതിലിലൂടെ രക്ഷപ്പെട്ട ജ്യോത്സ്യർ കൊഴിഞ്ഞാമ്പാറ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണു മൈമുനയെയും ശ്രീജേഷിനെയും പിടികൂടിയത്.

ഹണി ട്രാപ് കവർച്ചാശ്രമം പുറത്തായത് മറ്റൊരു പ്രതിയെ തേടിയെത്തിയപ്പോൾ
ചിറ്റൂർ ∙ ഞായറാഴ്ച ചിറ്റൂർ സ്റ്റേഷൻ പരിധിയിൽ നടന്ന അടിപിടിയുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ട പ്രതിയുടെ മൊബൈൽ ലൊക്കേഷൻ തിരഞ്ഞെത്തിയതായിരുന്നു ചിറ്റൂർ പൊലീസ്. പൊലീസിനെ കണ്ടതാേടെ വീട്ടിലുണ്ടായിരുന്നവർ ചിതറിയോടി. പൊലീസും പിറകെ ഓടി. 2 പേരെ പിടികൂടിയെങ്കിലും അവർ തിരഞ്ഞെത്തിയ പ്രതിയെ കിട്ടിയില്ല. എന്നാൽ, വീടിനകത്തു നടന്ന സംഭവം അറിയാതെ ചിറ്റൂർ പൊലീസ് തിരികെ പോവുകയും ചെയ്തു. തട്ടിപ്പു സംഘത്തിൽ ഉണ്ടായിരുന്നവർ വീട്ടിൽ നിന്ന് ഓടിയ തക്കത്തിലാണു ജ്യോത്സ്യൻ രക്ഷപ്പെട്ടത്. ചിതറിയോടിയ സ്ത്രീകളിൽ ഒരാൾ മദ്യലഹരിയിൽ റോഡിൽ വീണു കിടക്കുന്നതു കണ്ടു ചോദ്യം ചെയ്ത നാട്ടുകാരെ അസഭ്യം പറഞ്ഞതോടെ വിവരം നാട്ടുകാർ കൊഴിഞ്ഞാമ്പാറ പൊലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണു തട്ടിപ്പ് പുറത്തായത്.

ഇതിനിടെ രക്ഷപ്പെട്ട് കൊല്ലങ്കോട്ടെ വീട്ടിലെത്തിയ ജ്യോത്സ്യൻ പരാതി നൽകാനായി പൊലീസ് സ്റ്റേഷനിലെത്തി. കൊല്ലങ്കോട് പൊലീസിന്റെ നിർദേശപ്രകാരം കൊഴിഞ്ഞാമ്പാറ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ മൈമുനയും മറ്റൊരു സ്ത്രീയും ഉൾപ്പെടെ 9 പേരുണ്ടെന്നും മറ്റുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കിയെന്നും കൊഴിഞ്ഞാമ്പാറ പൊലീസ് അറിയിച്ചു.പൊലീസിനെ കണ്ട് ഓടിയ പ്രതികളിൽ ഒരാൾ കാലിനു ഗുരുതരമായി പരുക്കേറ്റ് വിളയോടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മീനാക്ഷിപുരം ഇൻസ്പെക്ടർ എം.ശശിധരൻ, കൊഴിഞ്ഞാമ്പാറ ഗ്രേഡ് എസ്ഐമാരായ എം.മുഹമ്മദ് റാഫി, എം.നാസർ, എഎസ്ഐ എൻ.സൈറാബാനു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.കലാധരൻ, സി.രവീഷ്, ആർ.രതീഷ്, എച്ച്.ഷിയാവുദ്ദീൻ എന്നിവരുടെ സംഘമാണു പ്രതികളെ പിടികൂടിയത്.

English Summary:

Kozhinjampara honey trap leads to astrologer robbery. Two individuals were arrested after blackmailing a Jyotishi with nude photos and videos taken during a staged house blessing ceremony.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com