റെയിൽപാളത്തിന്റെ ഇരുഭാഗത്തും കുടുങ്ങി യാത്രക്കാർക്കു ദുരിതം: മേൽപാലമോ അടിപ്പാതയോ വേണം

Mail This Article
പട്ടാമ്പി ∙ താലൂക്ക് ആശുപത്രി റോഡിനെയും പഴയ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനെയും ബന്ധിപ്പിക്കുന്ന റെയിൽവേ മേൽപാലമോ അടിപ്പാതയോ വേണമെന്ന പട്ടാമ്പിയുടെ വർഷങ്ങളായുള്ള ആവശ്യത്തിന് ഇതുവരെയും റെയിൽവേയുടെ പച്ചക്കൊടിയായിട്ടില്ല. ടൗണിനെ രണ്ടാക്കിയാണ് പട്ടാമ്പിയിലൂടെ റെയിൽ പാളങ്ങൾ കടന്നുപോകുന്നത്. പാളത്തിലൂടെ വണ്ടികൾ കുറവായിരുന്ന കാലത്ത് പാളം മുറിച്ച് കടന്നായിരുന്നു കാൽനട യാത്ര. ഷൊർണൂർ മംഗളൂരു പാത ഇരട്ടിപ്പിക്കുകയും വണ്ടികളുടെ എണ്ണവും വേഗവും കൂടുകയും ചെയ്തതോടെ നാട്ടുകാരുടെ യാത്ര റെയിൽവേ തടഞ്ഞു.
റെയിൽ പാളത്തിനു മുകളിലൂടെയോ അടിയിലൂടെയോ താലൂക്ക് ആശുപത്രി റോഡിനെയും, പഴയ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനെയും ബന്ധിപ്പിക്കുന്ന വഴി വേണമെന്ന ആവശ്യം ശക്തമായെങ്കിലും റെയിൽവേ ഇതുവരെ അഗീകരിച്ചിട്ടില്ല. വർഷങ്ങൾക്ക് മുൻപ് നഗരസഭയുടെ ആവശ്യം റെയിൽവേ അംഗീകരിക്കുകയും മേൽപാല നിർമാണത്തിനാവശ്യമായ തുക നഗരസഭ നൽകിയാൽ മേൽപാലം നിർമിച്ച് നൽകാമെന്ന് വാഗ്ദാനം നൽകുകയും ചെയ്ത റെയിൽവേ പാലം നിർമാണത്തിനാവശ്യമായ തുകയുടെ ആദ്യ ഗഡു നഗരസഭയിൽ നിന്നു കൈപ്പറ്റുകയും ചെയ്തതാണ്. ആദ്യം പറഞ്ഞ എസ്റ്റിമേറ്റ് തുക പിന്നീട് റെയിൽവേ ഇരട്ടിയാക്കിയതോടെ നഗരസഭക്ക് ഇത്രയും വലിയ സംഖ്യ നൽകാനാവില്ലെന്നറിയിച്ച് അടച്ച തുക തിരികെ വാങ്ങുകയായിരുന്നു. ഇപ്പോഴും നഗരസഭ ആവശ്യത്തിൽ നിന്നു പിന്മാറിയിട്ടില്ല.
പട്ടാമ്പി ടൗൺ റെയിൽ പാളത്തിന്റെ ഒരു ഭാഗത്തും താലൂക്ക് ആശുപത്രിയും താലൂക്ക് ഓഫിസും അടക്കമുള്ള സർക്കാർ ഓഫിസുകൾ ഉള്ള മിനി സിവിൽ സ്റ്റേഷനും നഗരസഭ ഓഫിസും ബ്ലോക്ക് പഞ്ചായത്ത് ഓഫിസും എംഇഎസ് സ്കൂളുമെല്ലാം മറുഭാഗത്തുമായതിനാൽ റെയിൽവേ സ്ഥലത്തുകൂടി വഴിയില്ലാതായതോടെ കിലോമീറ്ററുകളോളം ചുറ്റി വളഞ്ഞ് വേണം യാത്രക്കാർക്ക് സർക്കാർ ഓഫിസുകളിലും ആശുപത്രിയിലുമെല്ലാം എത്താൻ.
ബസ് സ്റ്റാൻഡിൽ ഇറങ്ങുന്നവർക്ക് റെയിൽ മുറിച്ച് കടക്കാൻ റെയിൽവേ ലൈനിന് മുകളിലൂടെ നടപ്പാലമോ പാളങ്ങൾക്കടിയിലൂടെ അടിപ്പാതയോ നിർമിക്കാൻ റെയിൽവേ അനുമതി നൽകിയാൽ പട്ടാമ്പിക്കത് വലിയ അനുഗ്രഹമാകും. തൊട്ടപ്പുറത്ത് പെരുമുടിയൂരിൽ കുട്ടികളുടെ അപകട യാത്ര ഒഴിവാക്കാൻ റെയിൽവേ ഓറിയന്റൽ സ്കൂൾ പരിസരത്ത് അടിപ്പാത അനുവദിക്കുകയും, റെയിൽവേ ചെലവിൽ അടിപ്പാത നിർമിച്ച് നൽകുകയും ചെയ്യുന്നുണ്ട്. പെരുമുടിയൂരിൽ അടിപ്പാത നിർമാണം കഴിഞ്ഞ ദിവസം ആരംഭിച്ചു കഴിഞ്ഞു.
താലൂക്ക് ആശുപത്രിയിലേക്കും വിവിധ സർക്കാർ ഓഫിസുകളിലേക്കും ആയിരക്കണക്കിന് പേർ ദിവസവും വന്ന് പോകുന്ന പട്ടാമ്പിയിൽ അടിപ്പാതയോ നടപ്പാലമോ വേണമെന്ന പട്ടാമ്പിയുടെ ആവശ്യവും റെയിൽവേ അംഗീകരിച്ച് നടപ്പാക്കുമെന്ന പ്രതീക്ഷയിലാണ് പട്ടാമ്പി.
പട്ടാമ്പി സ്റ്റേഷൻ വികസനത്തോടൊപ്പം അടിപ്പാത നിർമാണവും നടത്തി റെയിൽവേ ലൈൻ മൂലമുള്ള പട്ടാമ്പിയിലെ വഴി തടസ്സം ഒഴിവാക്കാൻ റെയിൽവേ തയാറാകണമെന്നും ഇതിനായി നഗരസഭയും വി.കെ. ശ്രീകണ്ഠൻ എംപിയും മുന്നിട്ടിറങ്ങണമെന്ന ആവശ്യവും ശക്തമാണ്.
പെരുമുടിയൂരിൽ സ്കൂൾ കുട്ടികൾക്ക് പോകാൻ അടിപ്പാത അനുവദിച്ച റെയിൽവേക്ക് പട്ടാമ്പിയിൽ ആയിരങ്ങൾക്ക് വഴി നടക്കാൻ അടിപ്പാത അനുവദിക്കാൻ തടസ്സമുണ്ടാകാനിടയില്ലെന്നാണ് റെയിൽവേയുടെ വികസനവും നാടിന്റെ വികസനവും ആഗ്രഹിക്കുന്നവരുടെ പക്ഷം. ആശുപത്രി റോഡ് ഉയർന്നും ബസ് സ്റ്റാൻഡ് ഭാഗം താഴ്ന്നും കിടക്കുന്നതിനാൽ ചുരുങ്ങിയ ചെലവിൽ അടിപ്പാത നിർമിക്കാവുന്നതേയുള്ളു.അടിപ്പാത നിർമാണത്തിന് റെയിൽവേ അനുമതി നൽകിയാൽ നഗരസഭയ്ക്ക് അടിപ്പാത നിർമാണം ഏറ്റെടുക്കാവുന്നതേയുള്ളു. യാത്രക്കാരുടെ ടൗണിലൂടെയുള്ള ചുറ്റിത്തിരിയൽ ഒഴിവാക്കാൻ റെയിൽവേ അടിപ്പാത കൂടിയേ തീരു.