ലഹരിക്കടത്തിന് പുതുവഴികൾ; പിന്നിൽ സംഘടിത കുറ്റകൃത്യ സംഘങ്ങളും
Mail This Article
പാലക്കാട് ∙ ലാഭംകൊയ്യാനായി ഇടനിലക്കാരെ ഒഴിവാക്കി കേരളത്തിൽ നിന്നുള്ള സംഘങ്ങൾ നേരിട്ട് ലഹരിവസ്തുക്കളുടെ മൊത്തക്കച്ചവടം നടത്തുന്നതായി അന്വേഷണ സംഘം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നു സേലം, തിരുപ്പൂർ, കോയമ്പത്തൂർ നഗരങ്ങളിൽ എത്തിച്ചു സൂക്ഷിക്കുന്ന ലഹരിമരുന്ന്, അവിടെ നിന്ന് ചില്ലറയായി കേരളത്തിലെത്തിച്ചു വിൽക്കുന്ന രീതിക്കു പകരം ഒഡീഷ, ആന്ധ്ര, വിശാഖപട്ടണം, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് ചില മലയാളി സംഘങ്ങൾ അവ നേരിട്ട് കേരളത്തിലേക്ക് എത്തിക്കുകയാണ് ഇപ്പോൾ. ഇതോടെ ബിസിനസിൽ ഇടനിലക്കാർ കുറഞ്ഞു.
മുൻപ് സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന സംഘങ്ങളിൽ മിക്കവരും ലഹരിവസ്തുക്കളുടെ മൊത്തക്കച്ചവടത്തിലുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. സംസ്ഥാനത്ത് വാഹന കവർച്ച, ക്വട്ടേഷൻ, അനധികൃത മദ്യക്കച്ചവടം തുടങ്ങിയ കേസുകൾ പൊതുവിൽ കുറഞ്ഞതിനു പിന്നിൽ ലഹരി ഇടപാടാണെന്നു പൊലീസ് നിരീക്ഷിക്കുന്നു. ലഹരിമരുന്നുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം പതിന്മടങ്ങായതോടെ വാങ്ങലും കടത്തും വർധിച്ചു.
കച്ചവടംശൃംഖല പൊളിയാതിരിക്കാൻ ഇടപാടുകാർ തമ്മിലുള്ള ബന്ധം ഒഴിവാക്കും. തൊട്ടുമുകളിലുള്ളവരെക്കുറിച്ച് പരസ്പരം അറിയാത്തതാണു സംവിധാനം. പരിശോധന ഊർജിതമായതോടെ ലഹരിവസ്തു ഒരു നിശ്ചിത സ്ഥലത്ത് എത്തിച്ച ശേഷം ഉപയോഗിക്കുന്നവർക്ക്, അല്ലെങ്കിൽ ചില്ലറ കച്ചവടക്കാർക്ക് സന്ദേശം നൽകുന്നതാണു രീതി. ആവശ്യക്കാരൻ സ്ഥലത്തെത്തി അവ എടുക്കുമെന്നല്ലാതെ എത്തിച്ചവരെക്കുറിച്ച് അറിയില്ല.
വില മുൻകൂറായി യുപിഐ ഐഡി വഴി നൽകണമെന്നാണു വ്യവസ്ഥ. ആ മൊബൈൽ നമ്പറും പിന്നീട് നിലവിലുണ്ടാകില്ല. രണ്ടുവർഷം മുൻപു വരെ ട്രെയിനിൽ കഞ്ചാവുമായി പിടിയിലാകുന്നവരിൽ മിക്കവരും അതിഥിത്തൊഴിലാളികളായിരുന്നു. നാട്ടിൽ പോയി ജോലിസ്ഥലത്തേക്കു മടങ്ങുമ്പോൾ ലഹരി സംഘങ്ങളുടെ ഇടനിലക്കാരായി ഇവർ പ്രവർത്തിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ കഞ്ചാവു കടത്തിനു മാത്രമായി ഇതരസംസ്ഥാനനങ്ങളിൽ നിന്ന് സംഘങ്ങൾ കേരളത്തിലെത്തുന്നതായാണു പൊലീസിനു ലഭിച്ച വിവരം. വേഷം നോക്കി സംശയിച്ചു കഞ്ചാവു കടത്തുകാരെ പിടിച്ചിരുന്ന സ്ഥിതിയും മാറി.
പ്രഫഷനൽ വേഷത്തിലാണ് ഇപ്പോൾ പലപ്പോഴും പ്രതികളുടെ വരവ്. കടത്ത് കൂടുതൽ സുരക്ഷിതമായി നടത്താൻ സ്ത്രീകളെയും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ശരീരത്തിൽ രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ച വസ്തുക്കൾ പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് പരിമിതിയുണ്ടെന്നതാണു മുതലെടുക്കുന്നത്. തങ്ങളുടെ കൈവശമുള്ളത് ലഹരിവസ്തുവാണെന്ന് അറിയാതെ കടത്തിന് കൂട്ടുനിൽക്കുന്നവരും ഏറെയുണ്ട്. ട്രെയിനുകളിൽ നിന്നു പിടിയിലാകുന്ന ചെറിയ കുട്ടികൾ ഉൾപ്പെടുന്ന സ്ത്രീ സംഘങ്ങളിൽ പലരും ഇത്തരത്തിലുള്ളവരാണ്. ഇവർ ജനറൽ കംപാർട്മെന്റുകളിലും ലഹരിക്കച്ചവടക്കാർ എസി കംപാർട്മെന്റുകളിലുമായിരിക്കും യാത്ര.
എംഡിഎംഎ: വിളിച്ചത് കൂടുതലും സ്ത്രീകൾ
∙ എംഡിഎംഎയുമായി കഴിഞ്ഞദിവസം പിടിയിലായ പ്രതിയുടെ മൊബൈലിലേക്കു വന്ന വിളികളിൽ നല്ലൊരു ഭാഗവും സ്ത്രീകളുടേത്. പ്രതി അറസ്റ്റിലായി രണ്ടുമണിക്കൂറിനുള്ളിൽ വന്ന 70 കോളുകളിൽ 40 എണ്ണം സ്ത്രീകളുടേതാണെന്നാണു വിവരം.കോട്ടയം, കൊച്ചി, കൊല്ലം, ആലുവ, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നായിരുന്നു വിളികൾ. പെൺകുട്ടികൾക്കിടയിൽ രാസലഹരി ഉപയോഗം വർധിക്കുന്നതിന്റെ സൂചനയായി അന്വേഷണസംഘം ഇതിനെ കാണുന്നു.
സമൂഹമാധ്യമങ്ങളിൽ സജീവമായ, ചില സിനിമകളിൽ മുഖംകാണിച്ചിട്ടുള്ള പ്രതി കുറച്ചുകാലമായി പല പ്രഫഷനൽ കോളജുകളിലേക്കും സിനിമാ മേഖലകൾ കേന്ദ്രീകരിച്ചും രാസലഹരി എത്തിച്ചിരുന്നു. ശീതളപാനീയങ്ങളിലൂടെയാണ് പിടിയിലാകുന്ന സ്ത്രീകളിൽ മിക്കവരും ലഹരിമരുന്ന് ഉപയോഗിക്കാൻ തുടങ്ങിയതെന്ന് അന്വേഷണസംഘം പറയുന്നു. വിദ്യാർഥികൾക്ക് ആദ്യം സൗജന്യമായി ലഹരിമരുന്ന് എത്തിച്ചു നൽകുന്ന സംഘങ്ങളുണ്ട്. ഇവരെ പിന്നീട് ലഹരിക്കടിമകളാക്കുകയാണു ലക്ഷ്യം.