വൃക്ഷമുത്തശ്ശിയുടെ ചില്ലകൾ ഉണങ്ങി; ഭീതിയോടെ ജനം

Mail This Article
ഒറ്റപ്പാലം ∙ കോടതി വളപ്പിലെ തണലാണു വനം വകുപ്പ് വൃക്ഷ മുത്തശ്ശിയായി പ്രഖ്യാപിച്ച കൂറ്റൻ ആൽമരം. എന്നാൽ ഇപ്പോൾ വൃക്ഷമുത്തശ്ശിയുടെ ഉണങ്ങിയ ചില്ലകൾ ഇവിടെ തണൽ തേടിയെത്തുന്നവർക്കു വലിയ ഭീഷണിയാണ്. ഒറ്റപ്പാലത്തെ കോടതികളിലേക്കും താലൂക്ക് ഓഫിസ് ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങളിലേക്കും എത്തുന്നവർ സമയം ചെലവഴിക്കാൻ ആശ്രയിക്കാറുള്ളത് ആൽമരത്തറയേയാണ്. കഴിഞ്ഞ ദിവസം ആൽത്തറയിൽ ഇരുന്നിരുന്നവരുടെ തൊട്ടടുത്താണ് ഉണങ്ങിയ വലിയ ചില്ല മുറിഞ്ഞുവീണത്.
അഭിഭാഷകരുടെയും സർക്കാർ ഓഫിസുകളിൽ എത്തുന്നവരുടെയും വാഹനങ്ങൾ നിർത്തിയിടാറുള്ളതും മരത്തിനു താഴെയാണ്. ഇവിടെയാണ് ഉണങ്ങിയ മരച്ചില്ലകൾ ഭീഷണിയായി മാറിയ സാഹചര്യം. ഉണങ്ങിയ ചില്ലകൾ മുറിച്ചു മാറ്റാൻ വനം വകുപ്പിന്റെ ഭാഗത്തു നിന്നു നടപടി വേണമെന്നാണ് ആവശ്യം. 15 വർഷം മുൻപാണു പതിറ്റാണ്ടുകൾ പഴക്കമുള്ള ആൽമരത്തെ വൃക്ഷമുത്തശ്ശിയായി പ്രഖ്യാപിച്ചത്.