ആറ് പതിറ്റാണ്ടിന്റെ സ്വപ്നസാഫല്യം; ഒളകരയിൽ 44 കുടുംബങ്ങൾക്ക് ഭൂമി നൽകി

Mail This Article
വടക്കഞ്ചേരി∙ ഒളകരയിൽ ആറ് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ 44 ആദിവാസി കുടുംബങ്ങൾക്ക് ഭൂമി നൽകി. വനാവകാശ രേഖ മന്ത്രിമാരായ കെ.രാജൻ, എ.കെ.ശശീന്ദ്രൻ എന്നിവർ വിതരണം ചെയ്തു. വനാവകാശ രേഖയുള്ള വനഗ്രാമങ്ങളെ റവന്യു ഗ്രാമങ്ങളാക്കി നികുതി അടയ്ക്കാനുള്ള അവകാശം കൊടുക്കും എന്ന് യോഗം ഉദ്ഘാടനം ചെയ്ത് മന്ത്രി കെ.രാജൻ പറഞ്ഞു. ഒളകരയിൽ റോഡ് നവീകരണത്തിനായി മൂന്ന് കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. മന്ത്രി എ.കെ.ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഒളകര ആദിവാസി ഉന്നതിയിലുള്ളവരുടെ ഭൂമി പ്രശ്നത്തിന് പരിഹാരമായതോടെ 44 കുടുംബങ്ങൾക്ക് 1.5 ഏക്കർ ഭൂമിയുടെ അവകാശ രേഖയാണ് കിട്ടിയത്.
ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ വി.എസ്.പ്രിൻസ്, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ, പട്ടികവർഗ ക്ഷേമ വകുപ്പ് ഡയറക്ടർ വി.രേണു രാജ്, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ഹരിത വി.കുമാർ, സിവിൽ സപ്ലൈസ് വകുപ്പ് ഡയറക്ടർ മുഹമ്മദ് ഷെഫീഖ്, സബ് കലക്ടർ അഖിൽ.വി. മേനോൻ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ പി.ഉമ എന്നിവർ പ്രസംഗിച്ചു.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻ കെ.ആർ.രവി, പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് അധ്യക്ഷൻ പി.പി.രവീന്ദ്രൻ, ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷ സാവിത്രി സദാനന്ദൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.വി.സജു, ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ്, സുബൈദ അബൂബക്കർ, ഇ.ടി.ജലജൻ, കെ.വി.അനിത, പീച്ചി വൈൽഡ് ലൈഫ് വാർഡൻ വി.ജി.അനിൽകുമാർ, ട്രൈബൽ ഡവലപ്മെന്റ് ഓഫിസർ ഹെറാൾഡ് ജോൺ, ഒളകര ഉന്നതിയിലെ ഊരുമൂപ്പത്തി മാധവി കുട്ടപ്പൻ തുടങ്ങിയവർ പങ്കെടുത്തു. ആറു പതിറ്റാണ്ടിലേറെക്കാലം ഭൂമിക്കായി പോരാട്ടം നടത്തുകയായിരുന്നു ഒളകരയിലെ ആദിവാസി കുടുംബങ്ങൾ. നിരവധി സമരങ്ങൾക്ക് ഒടുവിലാണ് വനംവകുപ്പ് വനാവകാശശേഖ നൽകാൻ തയാറായത്. ഇതിനായി പ്രവർത്തിച്ച ജനപ്രതിനിധികളെയും നേതാക്കളെയും യോഗം അഭിനന്ദിച്ചു.