മലമ്പുഴ ഡാമിലെ ദ്വീപുകൾ പോലെയുളള കുന്നുകളിൽ ഒളിപ്പിച്ചിരുന്ന ‘മഹാദ്ഭുതം’

Mail This Article
പാലക്കാട് ∙ മലമ്പുഴ ഡാമിനടുത്ത് പുരാവസ്തു ഗവേഷകർ നടത്തിയ ഖനനത്തിൽ മഹാശില (മെഗാലിത്തിക്) നിർമിതികൾ കണ്ടെത്തി. ഒറ്റ അറയുള്ളതും ഒന്നിലധികം അറകളുള്ളതുമായ കല്ലുകൊണ്ടുള്ള ശവകുടീരങ്ങളാണു കൂടുതലും കണ്ടെത്തിയത്. വലിയ ഗ്രാനൈറ്റ് ശിലകളും ചിലതിൽ ലാറ്ററൈറ്റ് കല്ലുകളും ഉപയോഗിച്ചിട്ടുണ്ട്. പ്രാചീന കല്ലറ വിഭാഗത്തിൽപെട്ടവയാണ് ഇവ.
കേരളത്തിലെ പ്രാചീന സമൂഹത്തെക്കുറിച്ചും അവരുടെ വിശ്വാസങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ഈ മഹാശില നിർമിതികളിൽ നിന്നു ലഭിക്കുമെന്ന പ്രതീക്ഷയിലാണു ഗവേഷകർ. മലമ്പുഴ ഡാമിലെ ദ്വീപുകൾ പോലെയുളള കുന്നുകളിലാണു ശിലാ നിർമിതികൾ കണ്ടെത്തിയത്. 45 ഹെക്ടർ സ്ഥലത്ത് 110ൽ അധികം മഹാശില നിർമിതികളാണു കണ്ടെത്തിയത്. ഇരുമ്പുയുഗത്തിലാണു മെഗാലിത്തിക്കുകളുടെ നിർമാണം എന്നാണു കരുതുന്നത്. കേരളത്തിലെ ആദ്യകാല ഇരുമ്പുയുഗ സമൂഹത്തെക്കുറിച്ചുള്ള കൂടുതൽ കണ്ടെത്തലുകൾക്ക് ഇവ സഹായിക്കുമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഗവേഷകർ പറഞ്ഞു.