പട്ടാമ്പി – ചെർപ്പുളശ്ശേരി റോഡിലെ കരിമ്പുള്ളി ഇറക്കം അപകടമേഖല

Mail This Article
പട്ടാമ്പി ∙ പട്ടാമ്പി – ചെർപ്പുളശ്ശേരി റോഡിലെ കരിമ്പുള്ളിക്കും മരുതൂരിനുമിടയിലുള്ള കരിമ്പുള്ളി ഇറക്കം റോഡ് വീതി കൂട്ടിയതോടെ അപകടമേഖലയായി. നേരത്തെതന്നെ അപകടമേഖലയായിരുന്ന കരിമ്പുള്ളി ഇറക്കം അടുത്തിടെ റോഡ് വീതി കൂട്ടിയതോടെ കൂടുതൽ അപകട സാധ്യതാ മേഖലയായി മാറിയതായി പ്രദേശവാസികൾ പറഞ്ഞു. മുൻപ് റോഡരികിലൂടെ നടന്നുപോകാനുള്ള വഴിയുണ്ടായിരുന്നു.
റോഡ് വീതി കൂട്ടിയതോടെ നടക്കാനുള്ള വഴിയും കോൺക്രീറ്റ് ചെയ്ത് റോഡാക്കി. ഇതോടെ വേഗത്തിൽ വരുന്ന വാഹനങ്ങൾ വഴിയാത്രക്കാരോട് ചേർന്ന് കടന്നുപോകാൻ തുടങ്ങിയതായി യാത്രക്കാർ പറയുന്നു. മരുതൂരിനും കരിമ്പുള്ളിക്കുമിടയിൽ മരുതൂർ പാടത്തെ റോഡിന്റെ ഭാഗങ്ങളാണ് റോഡരികുകൾ പൂർണമായും ഉപയോഗപ്പെടുത്തി കോൺക്രീറ്റ് ചെയ്ത് വീതി കൂട്ടിയത്.
റോഡിന് വീതി കൂടിയതോടെ വാഹനങ്ങളുടെ വേഗം വർധിച്ചു. ഇത് കാൽനട യാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഒരു പോലെ ഭീഷണിയായി മാറിയിരിക്കുകയാണ്. പട്ടാമ്പി ഭാഗത്ത് നിന്നു ചെർപ്പുളശ്ശേരി ഭാഗത്തേക്കുള്ള വാഹനങ്ങൾ കരിമ്പുള്ളി വളവ് തിരിഞ്ഞ് വേഗത്തിൽ വരുന്നതാണ് വഴിയാത്രക്കാർക്കും എതിരെ വരുന്ന വാഹനങ്ങൾക്കും വലിയ ഭീഷണി. അപകടമേഖലയായ സ്ഥലത്ത് സൂചന നൽകുന്ന ബോർഡുകൾ സ്ഥാപിക്കുകയും വാഹനങ്ങളുടെ വേഗം കുറയ്ക്കാൻ നിർദേശം നൽകുകയും റോഡിൽനിന്ന് നടപ്പാത വേർതിരിച്ച് അപകട സാധ്യത ഒഴിവാക്കുകയും ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം.