കുഴൽമന്ദം ജംക്‌ഷനിൽ വട്ടംകറക്കി അശാസ്ത്രീയ ഗതാഗത പരിഷ്കാരം

Mail This Article
കുഴൽമന്ദം ∙ ദേശീയപാത കുഴൽമന്ദം ജംക്‌ഷനിൽ അശാസ്ത്രീയമായ ഗതാഗത പരിഷ്കാരം യാത്രക്കാർക്കു ദുരിതമാകുന്നതായി പരാതി. ഇതുമൂലം ഗതാഗതക്കുരുക്കും കൂടുന്നതായാണ് യാത്രക്കാർ പറയുന്നത്.കോട്ടായി, മാത്തൂർ ഭാഗത്തും നിന്നു തേങ്കുറിശ്ശി, കൊടുവായൂർ ഭാഗങ്ങളിലേക്കു പോകുന്നവർക്ക് കഴിഞ്ഞദിവസം അടിപ്പാതയുടെ മേൽപാലം നിർമാണം പൂർത്തിയായ അരികിലൂടെ തുറന്നു കൊടുത്തിരുന്നു. അതേസമയം തേങ്കുറിശ്ശി, കൊടുവായൂർ ഭാഗങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾ ഇപ്പോഴും കുഴൽമന്ദം ജംക്‌ഷനിൽ നിന്നു ദേശീയപാതയിൽ തൃശൂർ ഭാഗത്തേയ്ക്കു കയറി കുളവൻമുക്കിൽ നിന്നു സർവീസ് റോഡിലുടെ വന്നു മന്ദിരാട്, പടലോട് ആശുപത്രിമേട് വഴി ചന്തപ്പുര വഴി കിലോമീറ്ററോളം യാത്രചെയ്‌തു വേണം പോകാൻ.

തേങ്കുറിശ്ശി, കൊടുവായൂർ ഭാഗങ്ങളിലേക്കു പോകുന്നവർക്ക് അടിപ്പാതയുടെ അരികിലൂടെ തുറന്നു കൊടുത്തതുപോലെ തെക്കുഭാഗത്തും തുറന്നു കൊടുത്താൽ ഗതാഗത തടസ്സം കുറയുന്നതോടൊപ്പം വാഹനയാത്രികരുടെയും കച്ചവടക്കാരുടെയും ബുദ്ധിമുട്ടിനും പരിഹാരമാകും.അശാസ്ത്രീയമായി നടത്തുന്ന പ്രവൃത്തികളാണു പലപ്പോഴും ഗതാഗത തടസ്സത്തിനു കാരണമാവുന്നതെന്നു പരക്കെ പരാതിയുണ്ട്. മേൽപാലം പണി ആരംഭിച്ചതു മുതൽ എംഎൽഎയോ എംപിയോ പ്രശ്നത്തിൽ ഇടപെട്ടില്ലെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.
ഏക പോംവഴി നിലവിൽ 90 ശതമാനം പണി പൂർത്തിയായ ദേശീയപാത അടിപ്പാത തൽക്കാലം തുറന്നു കൊടുക്കുക, അല്ലെങ്കിൽ റോഡ് പണി നടത്തുന്നതോടൊപ്പം യാത്രക്കാർക്ക് ഹൈവേ ജംക്‌ഷൻ വഴി വാഹനങ്ങൾ കടത്തിവിടുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തണം. ഇതിലൂടെ കച്ചവടക്കാരുടെയും യാത്രക്കാരുടെയും ബുദ്ധിമുട്ടികൾ പരിഹരിക്കാനാവും.