വിദഗ്ധ ചികിത്സതേടി ഇനി അലയേണ്ട; ഊട്ടി മെഡിക്കൽ കോളജ് ആശുപത്രി ഏപ്രിൽ ആറിനു തുറക്കും

Mail This Article
ഊട്ടി∙ ഊട്ടിയിലെ മെഡിക്കൽ കോളജ് ആശുപത്രി അടുത്ത മാസം 6 ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ആരോഗ്യമന്ത്രി എം.സുബ്രഹ്മണിയൻ ഇന്നലെ ആശുപത്രി സന്ദർശിച്ച് അവസാന ജോലികളുടെ പുരോഗതി വിലയിരുത്തി. 700 കിടക്കകളോടെയുള്ളതാണ് ആശുപത്രി. നവീനചികിത്സകൾ ഇവിടെ ലഭ്യമാക്കും. 149.23 കോടി രൂപയിലാണ് ആശുപത്രിയുടെ നിർമാണം. വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂർ, മൈസൂർ, ബത്തേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നത് ഈ ആശുപത്രി തുറക്കുന്നതോടെ ഒഴിവാക്കാനാകുമെന്ന് മന്ത്രി അറിയിച്ചു.

സർക്കാർ ചീഫ് വിപ്പ് കെ.രാമചന്ദ്രൻ, ആരോഗ്യ വിഭാഗം പ്രിൻസിപ്പൽ സെക്രട്ടറി പി.സെന്തിൽ കുമാർ, കലക്ടർ ലക്ഷ്മി ഭവ്യ തന്നീരു, എസ്പി എൻ.എസ്. നിഷ തുടങ്ങിയവരും മന്ത്രിയെ അനുഗമിച്ചിരുന്നു. ഊട്ടിയിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ 50 കിടക്കകളോടെ ആദിവാസികൾക്കായുള്ള വാർഡ് ഒരുങ്ങുന്നു. ആദിവാസി പ്രതിനിധികളുടെ ആവശ്യത്തെ തുടർന്നാണിത്. ഇതിൽ 20 കിടക്കകൾ പുരുഷന്മാർക്കും, 20 എണ്ണം സ്ത്രീകൾക്കും, 10 കിടക്കകൾ പ്രസവ ശുശ്രൂഷയ്ക്കുമുള്ളതാണ്. ഇന്ത്യയിൽ ആദ്യമായാണ് ആദിവാസി വിഭാഗങ്ങൾക്ക് മാത്രമായി മെഡിക്കൽ കോളജിൽ വാർഡ് ഒരുങ്ങുന്നതെന്നും മന്ത്രി അറിയിച്ചു.