പുഴയിലിറങ്ങിയ ആന വിരണ്ടു; രണ്ടരമണിക്കൂറോളം പരിഭ്രാന്തി

Mail This Article
ഷൊർണൂർ ∙ ഭാരതപ്പുഴയിലിറങ്ങിയ ആന വിരണ്ട് രണ്ടരമണിക്കൂറോളം പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ട് നാലോടെയാണ് തൃശൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അയ്യപ്പത്ത് ബാലകൃഷ്ണൻ എന്ന ആന വിരണ്ടത്. പുഴയിൽ വെള്ളത്തിലേക്കിറങ്ങിയ ആന തിരിഞ്ഞോടുകയായിരുന്നു. പുഴയോരത്തെ പാതയ്ക്കരികിലെത്തി നിന്ന ആന പിന്നീട് പാപ്പാനെ അനുസരിക്കാതെ പുഴയിലെ മണലിൽ നിലയുറപ്പിച്ചു. പാപ്പാൻ അടുത്തെത്തുമ്പോൾ ആന മാറിപ്പോവുകയായിരുന്നു. ആനയെ റോഡിലേക്കു കയറ്റി ലോറിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ആനയ്ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പാപ്പാൻമാർ റോഡിലൂടെ ഓടുന്നതു തടയാൻ ശ്രദ്ധിച്ചു. 2 മണിക്കൂറിനു ശേഷം ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവറെത്തി ആനയ്ക്ക് ബിസ്‌കറ്റ് നൽകി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പുഴയിൽ നിന്ന് കയറാൻ കൂട്ടാക്കിയില്ല. പിന്നീട് ആറരയോടെയാണ് ആനയെ ലോറിയിൽ കയറ്റി കൊണ്ടുപോയത്.