26,000 രൂപ ശമ്പളം വേണം; തമിഴ്നാട്ടിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ ആശമാരുടെ സമരം

Mail This Article
ഊട്ടി ∙ ശമ്പളവർധന ഉൾപ്പെടെയുള്ള 9 ആവശ്യങ്ങൾ ഉന്നയിച്ച് തമിഴ്നാട്ടിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ ആശാ വർക്കർമാരുടെ സമരം. ശമ്പളം 26,000 രൂപയാക്കുക എന്നതാണു പ്രധാന ആവശ്യം. 10 വർഷം സേവനം പൂർത്തിയാക്കിയവർക്ക് ആരോഗ്യവിഭാഗത്തിൽ ജോലി നൽകുക, 24 മണിക്കൂറും ജോലിയെടുപ്പിക്കുന്നതു നിർത്തലാക്കുക തുടങ്ങിയ 9 ആവശ്യങ്ങൾ ഉന്നയിക്കുന്നു. ഊട്ടിയിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് കലക്ടറേറ്റ് വളപ്പിലേക്കു തള്ളിക്കയറാൻ ശ്രമിച്ച 109 പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സംസ്ഥാന സെക്രട്ടറി സീതാലക്ഷ്മി ഉൾപ്പെടെ അറസ്റ്റിലായി.
കലക്ടർക്കു നിവേദനം കൊടുക്കാൻ പോലും അനുവദിക്കാതിരുന്നതോടെ റോഡിൽ കുത്തിയിരുന്നു പ്രതിഷേധപ്പോഴാണ് അറസ്റ്റ് ചെയ്തു നീക്കിയത്. നീലഗിരി ജില്ലയിൽ 414 ആശാവർക്കർമാരാണുള്ളതെന്നും 5750 രൂപ മാത്രമാണു തങ്ങൾക്കു ലഭിക്കുന്നതെന്നും സീതാലക്ഷ്മി പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങളിൽ ന്യായമായ നീതി ലഭിക്കുന്ന വരെ സമരം തുടരുമെന്നും കേരളത്തിലെ പോലെ തങ്ങളും ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകുമെന്നും അവർ അറിയിച്ചു. സംസ്ഥാനത്തുടനീളം നടത്തുന്ന സമരങ്ങളുടെ ഭാഗമായാണ് ഊട്ടിയിലും പ്രതിഷേധം നടന്നത്.
കേരളത്തിൽ 13,000 രൂപ വരെ ആശാവർക്കർമാർക്ക് ലഭിക്കുമ്പോൾ തമിഴ്നാട്ടിലെ വെറും 5750 രൂപ മാത്രം ലഭിക്കുന്നതു നീതിനിഷേധമാണെന്നും ഇതിനെതിരെയാണു തങ്ങളുടെ സമരമെന്നും നീലഗിരി ജില്ലയിലെ സിഐടിയു സെക്രട്ടറി സി.വിനോദ് അറിയിച്ചു.