മൈലാടിക്കുന്നിനെ മായ്ക്കുന്ന മണ്ണെടുപ്പ്; പ്രദേശത്തെ താമസക്കാർ ഭീഷണിയിൽ

Mail This Article
കുമരനല്ലൂർ ∙ മണ്ണെടുപ്പു മൂലം കപ്പൂർ മൈലാടിക്കുന്നും ഇല്ലാതാകുന്നതായി പരാതി. ശുദ്ധജലക്ഷാമം രൂക്ഷമായ തൃത്താല മണ്ഡലത്തിലെ പഞ്ചായത്ത്കളിലൊന്നാണ് കപ്പൂർ. ഇവിടെ വ്യാപകമായി മണ്ണെടുപ്പിന് അധികൃതർ അനുമതി നൽകിയിരിക്കുന്നത് കൃത്യമായ പരിശോധന നടത്താതെയാണെന്നാണ് പ്രദേശവാസികളുടെ വാദം. ഒരു വർഷത്തിലധികമായി ഹൈവേ നിർമാണത്തിന്റെ പേരിൽ മണ്ണെടുപ്പ് നടക്കുന്ന കുന്നുകളിൽ നിന്ന് പ്രതിദിനം കൊണ്ടുപോകുന്ന മണ്ണിന്റെ അളവും മറ്റും കൃത്യമായി പരിശോധിയില്ലെന്നും നാട്ടുകാർ പറയുന്നു. കപ്പൂർ പഞ്ചായത്തിലെ ഏഴും എട്ടും വാർഡുകൾ ഉൾപ്പെടുന്ന ഏക്കർ കണക്കിന് പ്രദേശത്താണ് മണ്ണെടുപ്പ് തുടരുന്നത്.
മണ്ണെടുത്ത പ്രദേശത്ത് കഴിഞ്ഞ മഴയിൽ ഒരുഭാഗം ഇടിഞ്ഞുവീണതായും നാട്ടുകാർ പറഞ്ഞു. കുന്ന് നിരപ്പാകുന്നതോടെ പ്രദേശത്തെ ഒട്ടേറെ നീർച്ചോലകളും ഇല്ലാതായി ശുദ്ധ ജല ക്ഷാമം രൂക്ഷമാകുന്ന സ്ഥിതിയാണ്. മണ്ണെടുക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങളും മറ്റും നില നിൽക്കെ ഇതെല്ലാം ഇവിടെ കാറ്റിൽ പറത്തുന്നതായും ആക്ഷേപമുണ്ട്. അനുവദിച്ചതും നീക്കം ചെയ്തതുമായ മണ്ണിന്റെ അളവ് പരിശോധിക്കപ്പെടുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു. മുൻപ് പല തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും കാര്യമായ നടപടി ഇല്ലാത്തതിൽ മണ്ണെടുപ്പ് മൂലം ഭീഷണി നേരിടുന്ന പ്രദേശത്തെ താമസക്കാർ നിരാശയിലാണ്.