പാലക്കാട്–പൊള്ളാച്ചി സംസ്ഥാനാന്തര പാത: ഇരട്ടക്കുളം മുതൽ ഗോപാലപുരം വരെ അപകടക്കെണി

Mail This Article
കൊഴിഞ്ഞാമ്പാറ ∙ തകർന്ന റോഡിൽ അപകടം പതിവായിട്ടും നന്നാക്കാനുള്ള നടപടിയെടുക്കാതെ അധികൃതർ. കഴിഞ്ഞ അഞ്ചു മാസത്തിനിടെ ബസുകൾ കൂട്ടിയിടിച്ചതുൾപ്പെടെ ചെറുതും വലുതുമായ 12 അപകടങ്ങൾ. അതിൽ 3 പേർക്ക് ജീവൻ നഷ്ടമായി. കരാർ ഒപ്പിട്ട് മൂന്നുമാസം കഴിഞ്ഞിട്ടും പണിയാരംഭിക്കാതെ അനാസ്ഥ തുടരുകയാണ്. പാലക്കാട്– പൊള്ളാച്ചി സംസ്ഥാനാന്തര പാതയിൽ ഇരട്ടക്കുളം മുതൽ ഗോപാലപുരം വരെയുള്ള 12 കിലോമീറ്റർ റോഡാണ് വർഷങ്ങളായി തകർന്നു കിടക്കുന്നത്.
തമിഴ്നാട്ടിൽ നിന്നു ചരക്കു ലോറികൾ ഉൾപ്പെടെ ആയിരക്കണക്കിനു വാഹനങ്ങളാണ് പ്രതിദിനം ഈ റൂട്ടിലൂടെ കടന്നുപോകുന്നത്. ഒട്ടേറെ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ ഡിസംബർ 12ന് റോഡ് നന്നാക്കാൻ കരാർ ഒപ്പിട്ടു. മൂന്നര കോടി രൂപയ്ക്കു ഭരണാനുമതി ലഭിച്ച പ്രവൃത്തി 3.30 കോടി രൂപയ്ക്കാണ് കരാർ എടുത്തത്. നാലുമാസം കാലാവധിക്കുള്ളിൽ പൂർത്തീകരിക്കാമെന്ന നിബന്ധനയിൽ കരാർ എടുത്ത് മൂന്നു മാസം പിന്നിടുമ്പോഴും ഒരു പ്രവൃത്തിയും നടത്തിയിട്ടില്ല.
കാലാവധി തീരാൻ ഇനി ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്. പണി തുടങ്ങിയാൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീർക്കാവുന്നതേയുള്ളൂ എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ ഇത്രയും കാലയളവിനിടെ ഉണ്ടാവുന്ന അപകടങ്ങളും അതുമൂലം ഉണ്ടാകുന്ന നഷ്ടങ്ങൾക്കും ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുകയെന്നു നാട്ടുകാർ ചോദിക്കുന്നു. പലതവണ റോഡ് ഗതാഗതം തടസ്സപ്പെടുത്തി സമരം ചെയ്തിരുന്നു. അപ്പോഴെല്ലാം താൽക്കാലികമായി റോഡിലെ കുഴിയടച്ച് പ്രശ്നം അവസാനിപ്പിക്കുകയാണ് ചെയ്തത്.
എന്നാൽ കഴിഞ്ഞ ദിവസം ഉൾപ്പെടെ റോഡ് അപകടമുണ്ടായിട്ടുണ്ട്. പണി ഉടൻ ആരംഭിക്കണമെന്ന് കാണിച്ച് മൂന്നുതവണ നോട്ടിസ് നൽകിയതായി പ്രവൃത്തിയുടെ നിർവഹണ ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ പറഞ്ഞു. അതേസമയം ഇതെക്കുറിച്ച് പ്രതികരിക്കാൻ കരാറുകാരൻ തയാറായിട്ടില്ല. കരാർ എടുത്തിട്ടും സമയബന്ധിതമായി പണി നടത്താത്ത സമയത്ത് ഉണ്ടാവുന്ന അപകടങ്ങളുടെ മുഴുവൻ നഷ്ടവും കരാറുകാരനിൽ നിന്നും ഈടാക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.