പ്രദേശവാസികളുടെ ടോൾ: 10 കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് സൗജന്യം നൽകണമെന്ന് ആവശ്യം

Mail This Article
വടക്കഞ്ചേരി ∙ വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട്, പാണഞ്ചേരി പഞ്ചായത്തിലുള്ളവർക്ക് നിലവിൽ സൗജന്യ യാത്ര അനുവദിച്ചിട്ടുണ്ട്. എന്നാൽ ഏപ്രിൽ ഒന്ന് മുതൽ ഏഴര കിലോമീറ്റർ പരിധിയിലുള്ളവർക്ക് മാത്രമാണ് സൗജന്യം നൽകുക എന്നാണ് ടോൾ കമ്പനി പറയുന്നത്. ഇത് തത്വത്തിൽ അംഗീകരിച്ച മട്ടിലാണ് ജനപ്രതിനിധികൾ. ടോൾ പ്ലാസയുടെ 10 കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് സൗജന്യം നൽകണമെന്ന് വടക്കഞ്ചേരി ജനകീയ വേദിയും കോൺഗ്രസ്, സിപിഎം, കേരള കോൺഗ്രസ്, സിപിഐ തുടങ്ങിയ രാഷ്ട്രീയ കക്ഷികളും വ്യാപാരികളും ആവശ്യപ്പെട്ടു.
10 കിലോമീറ്റർ പരിധിയിലുള്ള പ്രദേശങ്ങളുടെ മാപ്പ് ജനകീയ വേദിയുടെ നേതൃത്വത്തിൽ എഡിഎം കെ.മണികണ്ഠനു സമർപ്പിച്ചു. 6 പഞ്ചായത്തുകളുടെ പത്ത് കിലോമീറ്റർ പരിധിയിലെ പ്രദേശങ്ങളുടെ മാപ്പാണ് നൽകിയത്. അതിർത്തി നിശ്ചയിക്കാൻ എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള ടീം വരികയും പരിശോധന പൂർത്തിയാക്കി ഇന്നലെ റിപ്പോർട്ട് നൽകുകയും ചെയ്തു. 30നുള്ളിൽ സർവ കക്ഷി യോഗം വിളിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് പി.പി.സുമോദ് എംഎൽഎ പറഞ്ഞു. വടക്കഞ്ചേരിയിലുള്ള മുപ്പത്തിയഞ്ചിലധികം സ്കൂളുകളുടെ വാഹനങ്ങൾക്കും നാലു ചക്ര ഓട്ടോറിക്ഷകൾക്കും സൗജന്യം നൽകണമെന്ന ആവശ്യത്തിലും കമ്പനി തീരുമാനം എടുത്തിട്ടില്ല.
ടോൾനിരക്ക് വർധന: പ്രതിഷേധം ശക്തം
∙ വടക്കഞ്ചേരിയിൽ റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടില്ലെന്നിരിക്കെ വീണ്ടും ടോൾ നിരക്ക് വർധിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. കുതിരാൻ തുരങ്കത്തിന്റെയും വടക്കഞ്ചേരി, കുതിരാൻ മേൽപാലങ്ങളുടെയും നിർമാണ പാളിച്ച മൂലം പാലങ്ങൾ കുത്തിപ്പൊളിക്കുകയും തുരങ്കത്തിനുള്ളിൽ നിർമാണം നടത്തുകയും ചെയ്യുന്നതു നിത്യസംഭവമായിട്ടും ഇതു പരിശോധിക്കാൻ പോലും തയാറാകാതെയാണ് ടോൾ നിരക്കു വർധിപ്പിക്കുന്നതെന്ന് വടക്കഞ്ചേരി ജനകീയവേദി ഭാരവാഹികൾ പറഞ്ഞു.