‘ദേശീയ പുരുഷൻമാരുടെ പേരിടും, എതിരെയുള്ള നീക്കം പ്രതിരോധിക്കും’

Mail This Article
പാലക്കാട് ∙ ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിൽ ജനോപകാര സ്ഥാപനങ്ങൾക്കു ദേശീയ പുരുഷൻമാരുടെ പേരിടുമെന്നും അതിനെതിരെയുള്ള ഏതു നീക്കവും പ്രതിരോധിക്കുമെന്നും ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ പറഞ്ഞു.നഗരസഭയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കായി നിർമിക്കുന്ന ഡോ.കെ.ബി.ഹെഡ്ഗേവാർ സ്മാരക നൈപുണ്യ വികസന കേന്ദ്രത്തിന്റെ തറക്കല്ലിടൽ ചടങ്ങ് അലങ്കോലമാക്കിയതിൽ പ്രതിഷേധിച്ച് ബിജെപി ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എതിരെ നിന്നു നഗരസഭയുടെ വികസന, ജനോപകാര പ്രവർത്തനങ്ങൾ തടയാനാണു ശ്രമമെങ്കിൽ പാലക്കാട് എംഎൽഎയ്ക്ക് പാലക്കാട് കാലുകുത്തണമെങ്കിൽ ബിജെപിയുടെ അനുവാദം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. താരേക്കാട്ടു നിന്നാരംഭിച്ച മാർച്ച് ജില്ലാ കോൺഗ്രസ് ഓഫിസിനു സമീപം പൊലീസ് തടഞ്ഞു. ഇതിനിടെ വനിതാ നേതാക്കളെ പൊലീസ് ലാത്തികൊണ്ട് കുത്തിയെന്നാരോപിച്ച് പ്രവർത്തകർ പൊലീസിനു നേരെ തിരിഞ്ഞു. ഏറെനേരം ഉന്തുംതള്ളും ഉണ്ടായി. ഇരുകൂട്ടരും സംയമനം പാലിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് എം.ശശികുമാർ പ്രസംഗിച്ചു. ബിജെപി നടത്തിയ മാർച്ചിൽ, പ്രധാനമന്ത്രിമാരായിരുന്ന ജവാഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി എന്നിവരെക്കുറിച്ചും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെക്കുറിച്ചും സഭ്യേതര പരാമർശങ്ങൾ ഉണ്ടായി.