കൈക്കൂലിക്കേസ്: വില്ലേജ് ഫീൽഡ് അസിസ്റ്റന്റിനെ പിരിച്ചുവിട്ടു
Mail This Article
കാഞ്ഞിരപ്പുഴ ∙ മന്ത്രിയും കലക്ടറും പങ്കെടുത്ത റവന്യു അദാലത്ത് പരിസരത്തു നിന്നു കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി.സുരേഷ്കുമാറിനെ സർവീസിൽ നിന്നു പിരിച്ചുവിട്ടു. സസ്പെൻഷനിലായിരുന്ന ഇയാൾക്കെതിരെ നടത്തിയ അന്വേഷണത്തിനൊടുവിൽ പിരിച്ചുവിടൽ ഉത്തരവ് ഇന്നലെയിറങ്ങി.2023 മേയ് 23നായിരുന്നു സംഭവം. തിരുവനന്തപുരം മലയൻകീഴ് സ്വദേശിയായ സുരേഷ്കുമാർ മഞ്ചേരി സ്വദേശിയിൽ നിന്നു ലൊക്കേഷൻ സർട്ടിഫിക്കറ്റിനായി 2500 രൂപ കൈക്കൂലി വാങ്ങുമ്പോഴാണു വിജിലൻസ് അറസ്റ്റ് ചെയ്തത്. മന്ത്രി കെ.കൃഷ്ണൻകുട്ടി, എൻ.ഷംസുദ്ദീൻ എംഎൽഎ, അന്നത്തെ കലക്ടർ ഡോ.എസ്.ചിത്ര, സബ് കലക്ടർ ഡി.ധർമലശ്രീ തുടങ്ങിയവർ മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജ് ഓഡിറ്റോറിയത്തിൽ ‘കരുതലും കൈത്താങ്ങും’ അദാലത്തിൽ പങ്കെടുക്കുമ്പോഴാണു പുറത്തു കൈക്കൂലിക്കേസിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പിടിയിലായത്.
തുടർന്ന്, ഇയാൾ താമസിച്ചിരുന്ന മുറിയിൽ നടത്തിയ പരിശോധനയിൽ 35 ലക്ഷം രൂപയും 17 കിലോ നാണയങ്ങളും പിടിച്ചു. ഇതുകൂടാതെ 45 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപത്തിന്റെയും 25 ലക്ഷം രൂപയുടെ സേവിങ്സ് അക്കൗണ്ടിന്റെയും രേഖകളും കണ്ടെടുത്തു. പരാതിക്കാരന്റെ പാലക്കയം വില്ലേജ് പരിധിയിലെ 45 ഏക്കറിന്റെ ലൊക്കേഷൻ സർട്ടിഫിക്കറ്റിനായി വില്ലേജ് ഓഫിസിൽ അപേക്ഷ നൽകിയിരുന്നു. ഫയൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിന്റെ കൈവശമാണെന്നറിഞ്ഞ പരാതിക്കാരൻ സുരേഷ്കുമാറിനെ ഫോണിൽ വിളിച്ചു.
2500 രൂപയുമായി മണ്ണാർക്കാട് താലൂക്ക് തല റവന്യു അദാലത്ത് നടക്കുന്ന എംഇഎസ് കോളജിൽ എത്താൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണു പരാതിക്കാരൻ വിജിലൻസിനെ വിവരം അറിയിച്ചതും അറസ്റ്റ് നടന്നതും സസ്പെൻഡ് ചെയ്തതും. വരവിൽക്കവിഞ്ഞ സ്വത്തു സമ്പാദനത്തിനെതിരെയും വിജിലൻസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണത്തിൽ, ചെറിയ സേവനങ്ങൾക്കു പോലും കൈക്കൂലി വാങ്ങിയിരുന്ന സുരേഷ്കുമാർ വകുപ്പിനു തന്നെ അവമതിപ്പുണ്ടാക്കിയെന്നു കണ്ടെത്തി. ആരോപണം ഖണ്ഡിക്കാൻ പ്രതിക്കു കഴിഞ്ഞില്ല. തുടർന്നാണു സസ്പെൻഷനിലായിരുന്ന സുരേഷ് കുമാറിനെ പിരിച്ചുവിടാൻ അഡീഷനൽ സെക്രട്ടറി ഉത്തരവിട്ടത്.