റെയിൽവേ സ്റ്റേഷനിൽ ശീതീകരിച്ച കാത്തിരിപ്പു മുറി സജ്ജമായി

Mail This Article
ഒറ്റപ്പാലം ∙ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്കു ട്രെയിൻ കാത്തിരിക്കാൻ ശീതീകരിച്ച മുറി സജ്ജമായി. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായാണു ക്രമീകരണം. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലാണ് എസി റൂം യാത്രക്കാർക്കായി തുറന്നു നൽകിയിട്ടുള്ളത്.
30 പേർക്ക് ഇരിക്കാവുന്ന സൗകര്യങ്ങൾ ഇവിടെയുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ശുചിമുറി സൗകര്യങ്ങൾ കൂടി ഉൾപ്പെട്ടതാണു മുറി. ഇതിനു പുറമേ, സൗജന്യ വൈഫൈ ഇന്റർനെറ്റ്, മൊബൈൽ ചാർജിങ് സൗകര്യം, ടിവി ഉൾപ്പെടെയുള്ള ക്രമീകരണങ്ങളുമുണ്ട്. വായിക്കാൻ ദിനപത്രങ്ങൾ, ആഴ്ചപ്പതിപ്പുകൾ എന്നിവയും ലഭ്യമാണ്. മുറി ഉപയോഗിക്കാൻ ഒരാൾക്കു മണിക്കൂറിനു 30 രൂപയാണു നിരക്ക്.
ഉയർന്ന നിരക്കുള്ള ടിക്കറ്റുകാർക്കു മാത്രം എന്ന വേർതിരിവില്ലാതെ സൗകര്യ പ്രയോജനപ്പെടുത്താം. മുറിയുടെ പരിപാലനം കരാറുകാരെ ഏൽപ്പിച്ചിരിക്കുകയാണ്. ഇരിക്കാൻ വൃത്തിയുള്ള ഒരു ഇരിപ്പിടങ്ങൾ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത അവസ്ഥയിലായിരുന്നു നേരത്തെ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ. പ്ലാറ്റ്ഫോമുകളിൽ പലയിടത്തും മേൽക്കൂരകൾ പോലുമില്ലാത്ത സ്റ്റേഷനിൽ വെയിലും മഴയും കൊള്ളേണ്ട സാഹചര്യമായിരുന്നു യാത്രക്കാർക്ക്. റെയിൽവേ സ്‌റ്റേഷനിൽ പുതിയ ടിക്കറ്റ് കൗണ്ടറിന്റെയും പണി പൂർത്തിയായി പ്രവർത്തനം തുടങ്ങി.