റോഡ് സംരക്ഷണ ഭിത്തി നിർമാണം ഇഴയുന്നു; കൂർത്ത കമ്പികൾ ഭീഷണി

Mail This Article
കുമ്പിടി ∙ ആനക്കര മേലേഴിയം നെല്ലികുന്നിലെ റോഡ് സംരക്ഷണ ഭിത്തി നിർമാണം മന്ദഗതിയിലായത് അപകട സാധ്യതയുണ്ടാക്കുന്നു. നെല്ലിക്കുന്ന് നഗറിൽ റോഡിന്റെ വശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് കോൺക്രീറ്റ് ഭിത്തി കെട്ടുന്നത്. ഇതിന്റെ ഇരുമ്പ് കമ്പികളാണ് പണി ഇഴയുന്നതോടെ പ്രദേശ വാസികൾക്ക് അപകട ഭീഷണി ഉയർത്തുന്നത്. ഒട്ടേറെ പേർ പ്രതിദിനം യാത്രയ്ക്ക് ആശ്രയിക്കുന്ന പാതയാണ് ഇത്. മണ്ണിടിച്ചിൽ ഭീഷണിയുള്ള ഭാഗത്തെ 50 മീറ്ററാണ് സംരക്ഷണ ഭിത്തി കെട്ടുന്നത്.
പിന്നാക്കാവസ്ഥയിലുള്ള പട്ടികജാതിയിൽ ഉൾപ്പെട്ട കുടുംബങ്ങൾ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളെ ദത്തെടുത്ത് പരിപാലിക്കുന്ന അംബേദ്കർ ഗ്രാമം പദ്ധതിയുടെ ഭാഗമായി ഒരുകോടി രൂപയുടെ വികസന പ്രവർത്തനമാണ് ഇവിടെ നടക്കുന്നത്. ഒരു മാസത്തോളമായി നിർമാണം മന്ദഗതിയിലാണ്. കോൺക്രീറ്റ് ചെയ്യാനായി സ്ഥാപിച്ച ഇരുമ്പ് കമ്പികൾ ഏറെ അപകടഭീഷണി ഉയർത്തുന്നു എന്നാണ് പ്രദേശവാസികളുടെ പരാതി. കരാറുകാരനുമായി ബന്ധപ്പെട്ട് പണികൾ വേഗത്തിൽ പൂർത്തീകരിക്കുമെന്നണ് അധികൃതർ നൽകുന്ന വിശദീകരണം.