ADVERTISEMENT

പാലക്കാട് ∙ കൊച്ചി- ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ പാലക്കാട് വ്യവസായ സ്മാർട് നഗരത്തിന്റെ (ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ് ക്ലസ്റ്റർ) അടിസ്ഥാനസൗകര്യ വികസനത്തിനു ടെൻഡർ ക്ഷണിച്ചു. പുതുശ്ശേരി സെൻ‌ട്രലിലും കണ്ണമ്പ്രയിലും ഏറ്റെടുത്ത 1400 ഏക്കർ ഭൂമിയുടെ വികസനത്തിനാണ് (എൻജിനീയറിങ് പ്രൊക്യൂർമെന്റ് ആൻഡ് കൺസ്ട്രക്‌ഷൻ–ഇപിസി) ടെൻഡർ വിളിച്ചത്.

4 വർഷം കൊണ്ടു പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ആദ്യഘട്ട പാക്കേജിന് 1100 കോടി രൂപയാണു ചെലവു കണക്കാക്കുന്നത്. പദ്ധതി പ്രദേശത്തെ റോഡുകൾ, അഴുക്കുചാലുകൾ, പാലങ്ങൾ, ജലവിതരണ ശൃംഖല, അഗ്നിരക്ഷാ മാർഗങ്ങൾ, ജല പുനരുപയോഗ സംവിധാനങ്ങൾ, ഊർജവിതരണ സൗകര്യങ്ങൾ, സൂവിജ് ട്രീറ്റ്മെന്റ് പ്ലാന്റ്, മലിനജല സംസ്കരണ പ്ലാന്റ് തുടങ്ങിയവയാണ് അടിസ്ഥാന സൗകര്യ വികസനത്തിൽ ഉൾപ്പെടുക.

നാഷനൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്‌മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റും (എൻഐസിഡിഐടി) കേരള സർക്കാരും ചേർന്നു രൂപംകൊടുത്ത കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെഐസിഡിസി) എന്ന കമ്പനിയാണു വ്യവസായ ഇടനാഴിയുടെ നടപടികൾ ഏകോപിപ്പിക്കുക. മാസ്റ്റർ പ്ലാനും വിശദമായ പദ്ധതിരേഖയും നേരത്തേ തയാറാക്കിയിരുന്നു. ഇതു വരെ ഏറ്റെടുത്ത ഭൂമിക്കായി കിഫ്ബി വഴി 1489 കോടി രൂപ സംസ്ഥാന സർക്കാർ ചെലവാക്കി. അടിസ്ഥാന സൗകര്യ വികസനത്തിനായി 1789.92 കോടി രൂപ കേന്ദ്ര സർക്കാർ ചെലവാക്കും. ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ (ഐസിസിസി) കെട്ടിട നിർമാണം ഉൾപ്പെടെയുള്ള പണികൾക്കു വൈകാതെ ടെൻഡർ നടപടികൾ ആരംഭിക്കും. കിൻഫ്രയാണു പദ്ധതിയുടെ നിർവഹണ ഏജൻസി.

സംസ്ഥാന സർക്കാർ ഏറ്റെടുത്ത ഭൂമി കോറിഡോർ കോർപറേഷനു കൈമാറുന്നതോടെയാണു കേന്ദ്ര വിഹിതം ലഭിക്കുക. 2024 ഡിസംബറിൽ 110 ഏക്കർ ഭൂമി കൈമാറിയപ്പോൾ 104.5 കോടി രൂപ കേന്ദ്ര സർക്കാർ വിഹിതമായി അനുവദിച്ചു. കഴിഞ്ഞ മാർച്ചിൽ 220 ഏക്കർ സ്ഥലം നൽകിയപ്പോൾ 209 കോടി രൂപ അനുവദിച്ചു.

രാജ്യത്തെ വലിയ രണ്ടാമത്തെ വ്യവസായ ഇടനാഴി
കേന്ദ്രസർക്കാർ അനുമതി നൽകിയ 12 വ്യവസായ ഹബ്ബുകളിൽ മുതൽമുടക്കിൽ രണ്ടാം സ്ഥാനം പാലക്കാടിനാണ്. ഡൽഹി–മുംബൈ ഇടനാഴിയാണ് ഏറ്റവും മുതൽമുടക്കുള്ളത്. 1710 ഏക്കർ സ്ഥലത്തു നടപ്പാക്കുന്ന പദ്ധതി പൂർത്തിയാകുന്നതോടെ 8729 കോടി രൂപയുടെ നിക്ഷേപങ്ങളുണ്ടാകുമെന്നാണു വിലയിരുത്തൽ. ഒരു ലക്ഷത്തോളം പേർക്കു നേരിട്ടും അല്ലാതെയും തൊഴിൽ പ്രതീക്ഷിക്കുന്നു. മെഡിക്കൽ, കെമിക്കൽ, ബൊട്ടാണിക്കൽ ഉൽപന്നങ്ങൾ, ഹൈടെക് ഇൻഡസ്ട്രി, നോൺ–മെറ്റാലിക് മിനറൽ ഉൽപന്നങ്ങൾ, ഫാബ്രിക്കേറ്റഡ് മെറ്റൽ ഉൽപന്നങ്ങൾ, റബർ–പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, മെഷിനറി ആൻഡ് എക്യുപ്മെന്റ് എന്നിവയാണ് ഇൻഡസ്ട്രിയൽ സ്മാർട് സിറ്റി പദ്ധതിക്കു കീഴിൽ വരുന്ന വ്യവസായങ്ങൾ.

English Summary:

Palakkad Smart Industrial City's infrastructure development is underway. A ₹1100 crore EPC tender has been released for 1400 acres, encompassing roads, water, and sewage infrastructure.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com