കഞ്ചിക്കോട്ട് വീണ്ടും കാട്ടാനഭീതി ഒറ്റയാൻ മുറ്റത്ത്; വിറച്ച് വീട്ടുകാർ

Mail This Article
കഞ്ചിക്കോട് ∙ ഒറ്റയാന്റെ പരാക്രമത്തിൽ വിറച്ച് കഞ്ചിക്കോട് വനയോര മേഖല. പയറ്റുകാട് ലൂയിസ് – കുടുസമ്മാൾ ദമ്പതികളുടെ വീട്ടുമുറ്റത്തെത്തിയ പി.ടി-14 എന്ന കാട്ടാന വീട്ടിനുള്ളിലുള്ളവരെയും പ്രദേശവാസികളെയും മണിക്കൂറുകളോളം ഭീതിയിലാക്കി. വീടിന്റെ മുൻവശത്തു നിലയുറപ്പിച്ച ആന മുൻവശത്തെ വാതിൽ തകർക്കാനും ശ്രമിച്ചു. ലൂയിസും ഭാര്യയും കുട്ടികളും വീട്ടിനുള്ളിൽ ഭയന്നുവിറച്ചു നിൽക്കുന്നതിനിടെ പലതവണ കൊമ്പൻ തുമ്പിക്കൈകൊണ്ടു വാതിലിലും ജനലിലും ആനഞ്ഞടിച്ചു.വീട്ടുകാരുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ പടക്കമെറിഞ്ഞും തീയിട്ടുമാണു വീടിനു മുന്നിൽ നിന്ന് ഒറ്റയാനെ മാറ്റി വീടിനുള്ളിലുള്ളവരെ രക്ഷിച്ചത്. വീട്ടുമുറ്റത്തെ മാവും വാഴക്കൃഷികളും നശിപ്പിച്ചു.
വ്യാഴാഴ്ച പുലർച്ചെയാണു നാടിനെയൊന്നാകെ ആശങ്കയിലും ഭീതിയിലുമാക്കിയ സംഭവം. ആന മുന്നോട്ടു വരുന്നതു കണ്ട് ലൂയിസ് വീടിനുള്ളിലേക്ക് ഓടിക്കയറിയാണു രക്ഷപ്പെട്ടത്. പിന്നീട് വാർഡ് മെംബർ പി.ബി.ഗിരീഷിന്റെ നേതൃത്വത്തിലുള്ള പ്രദേശവാസികളും വനംവകുപ്പ് വാച്ചർമാരും എത്തിയാണ് ആനയെ ഉൾവനത്തിലേക്കു തുരത്തിയത്. വനംവകുപ്പ് സംഘം സ്‌ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ 9 തവണ ആന കഞ്ചിക്കോട് മേഖലയിൽ കൃഷി നശിപ്പിക്കുകയും ജനവാസ മേഖലയിലേക്ക് ഇറങ്ങുകയും ചെയ്തു.
പി.ടി–14നു പുറമേ പി.ടി-5 എന്ന ചുരുളിക്കൊമ്പനും 16 അംഗ ആനക്കൂട്ടവും കഞ്ചിക്കോട് – വാളയാർ മലയോര മേഖലയിലുണ്ട്. ഇതിൽ പി.ടി– 14 എന്ന ഒറ്റയാനാണ് ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടത്തുന്നത്. ഇതിനെ തുരത്താൻ വനംവകുപ്പ് ഒട്ടേറെ തവണ ശ്രമിക്കാറുണ്ടെങ്കിലും ഉൾക്കാട്ടിൽ നിന്നു വീണ്ടും മടങ്ങിയെത്തുകയാണു പതിവ്. കുങ്കിയാനകളെ എത്തിച്ച് ഒറ്റയാനെയും ആനക്കൂട്ടത്തെയും തുരത്തണമെന്നാണ് ആവശ്യം.