മംഗളൂരു – രാമേശ്വരം എക്സ്പ്രസ് അടുത്തമാസം; മഡ്ഗാവ് – മംഗളൂരു ‘വന്ദേഭാരത്’ കോഴിക്കോട്ടേക്ക്

Mail This Article
പാലക്കാട് ∙ മംഗളൂരു – കോയമ്പത്തൂർ റൂട്ടിൽ ‘വന്ദേഭാരത്’ സർവീസ് നിർദേശിക്കുമെന്നും മഡ്ഗാവ് – മംഗളൂരു ‘വന്ദേഭാരത്’ കോഴിക്കോട്ടേക്കു നീട്ടാൻ ശുപാർശ ചെയ്തുവെന്നും പാലക്കാട് ഡിവിഷൻ പരിധിയിലെ എംപിമാരുടെ യോഗത്തിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിങ് അറിയിച്ചു. മംഗളൂരു – രാമേശ്വരം ട്രെയിൻ അടുത്ത മാസം സർവീസ് ആരംഭിക്കും. രാമേശ്വരം എക്സ്പ്രസ്, മൂകാംബിക തീർഥാടകർക്ക് ഉപകാരപ്പെടുന്ന വിധത്തിൽ ബൈന്തൂരിൽ നിന്നു സർവീസ് തുടങ്ങണമെന്ന് എംപിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, എം.കെ.രാഘവൻ, വി.കെ.ശ്രീകണ്ഠൻ, ഡോ.വി.ശിവദാസൻ, പി.ടി.ഉഷ എന്നിവർ ആവശ്യപ്പെട്ടു. ഉദയ് എക്സ്പ്രസ് പാലക്കാട്ടേക്കു നീട്ടുന്നതു സജീവ പരിഗണനയിലുണ്ടെന്നു ജനറൽ മാനേജർ വി.കെ.ശ്രീകണ്ഠനെ അറിയിച്ചു.
പൊള്ളാച്ചി എംപി കെ.ഈശ്വരസ്വാമിയും ഇക്കാര്യം ആവശ്യപ്പെട്ടു. പുതിയ മംഗളൂരു – കോയമ്പത്തൂർ ഇന്റർസിറ്റി ആരംഭിക്കണമെന്ന ആവശ്യവും കോയമ്പത്തൂർ – കണ്ണൂർ പാസഞ്ചർ മംഗളൂരുവിലേക്കു നീട്ടണമെന്ന ഷാഫി പറമ്പിൽ എംപിയുടെ നിർദേശവും പരിഗണിക്കും. ട്രെയിനുകളും പിറ്റ്‌ലൈനും അനുവദിക്കുന്നതിൽ ഡിവിഷനെ അവഗണിക്കുന്നതായി എം.കെ.രാഘവൻ ആരോപിച്ചു. റെയിൽ ക്രോസിങ് സുരക്ഷയുടെ പേരിൽ നാട്ടിലെ വഴികൾ അടയ്ക്കുന്നതിൽ ജനം നേരിടുന്ന ദുരിതം അദ്ദേഹം ശ്രദ്ധയിൽപെടുത്തിയപ്പോൾ പകരം വഴി കണ്ടെത്താൻ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.
ട്രെയിനുകളുടെ വേഗം കൂട്ടാനുള്ള നടപടി വേഗം പൂർത്തിയാക്കുന്നതും പ്ലാറ്റ്ഫോമും ട്രെയിനുകളുടെ പടിയും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതും പരിശോധിക്കും. കൊല്ലങ്കോട് – തൃശൂർ ലൈൻ നടപ്പാക്കണമെന്നായിരുന്നു ആലത്തൂർ എംപി കെ.രാധാകൃഷ്ണന്റെ പ്രധാന ആവശ്യം. നിലമ്പൂർ – ഷൊർണൂർ റൂട്ടിൽ കൂടുതൽ ട്രെയിനുകൾ താമസിയാതെ വേണമെന്നു പി.പി.സുനീർ എംപി ആവശ്യപ്പെട്ടു. ഡിവിഷനൽ റെയിൽവേ മാനേജർ അരുൺകുമാർ ചതുർവേദി വികസനനേട്ടങ്ങൾ വിശദീകരിച്ചു.