പിറ്റ് ലൈൻ പൂർത്തിയായാൽ പാലക്കാട്– തിരുവനന്തപുരം വന്ദേഭാരത് ട്രെയിൻ

Mail This Article
പാലക്കാട്∙ ടൗൺ സ്റ്റേഷനിലെ പിറ്റ് ലൈൻ പ്രവർത്തനം തുടങ്ങിയാൽ പാലക്കാട്– തിരുവനന്തപുരം വന്ദേഭാരത് ട്രെയിൻ പരിഗണിക്കുമെന്നു ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വി.കെ.ശ്രീകണ്ഠൻ എംപിയെ അറിയിച്ചു. പിറ്റ് ലൈൻ നിർമാണം വൈകുന്നതിലുള്ള ശക്തമായ പ്രതിഷേധം എംപി യോഗത്തിൽ ഉന്നയിച്ചു. നിർമാണം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുന്നതായി അധികൃതർ വ്യക്തമാക്കി. പദ്ധതി പ്രവർത്തനക്ഷമമാകുന്നതോടെ കൂടുതൽ ട്രെയിനുകൾ ഇവിടെ നിന്ന് ആരംഭിക്കാനാകുമെന്നു ജനറൽ മാനേജർ പറഞ്ഞു. 26 കോച്ചുകളുടെ ലൈൻ ആണു നിർമിക്കുന്നത്.
എറണാകുളം– ബെംഗളുരു ഇന്റർസിറ്റിക്ക് ഒറ്റപ്പാലത്തു പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. പാലക്കാട് ജംക്‌ഷൻ സ്റ്റേഷനിലെ പുതിയ ലിഫ്റ്റ്, പാർക്കിങ് സൗകര്യ വികസന പദ്ധതി, അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള സ്റ്റേഷൻ നവീകരണത്തിന്റെ പുരോഗതി തുടങ്ങി പാലക്കാട്ടെ അടിസ്ഥാന സൗകര്യ വികസനത്തിലെ പുരോഗതി യോഗത്തിൽ അധികൃതർ വിശദീകരിച്ചു.
ഡിആർഎം അരുൺകുമാർ ചതുർവേദി, ഡപ്യൂട്ടി ജിഎം അജയ് കൗഷിക്, പ്രിൻസിപ്പൽ ഒാപ്പറേഷൻ മാനേജർ പി.ശിവകുമാർ, പ്രിൻസിപ്പൽ മെക്കാനിക്കൽ എൻജിനീയർ പി.സുരേഷ്, പ്രിൻസിപ്പൽ ചീഫ് ഇലക്ട്രിക്കൽ എൻജിനീയർ സേമേഷ്കുമാർ, ചീഫ് കൺസ്ട്രക്‌ഷൻ അഡ്മിനിസ്ട്രേറ്റീവ് ഒാഫിസർ ഷാജി സ്കറിയ, പ്രിൻസിപ്പൽ ചീഫ് എൻജിനീയർ എം. ഖലോട്ട്, പ്രിൻസിപ്പൽ ചീഫ് കമേഴ്സ്യൽ മാനേജർ ബെജി ജോർജ്, എഡിആർഎം എസ്.ജയകൃഷ്ണൻ, സീനിയർ ഡിവിഷനൽ മെക്കാനിക്കൽ എൻജിനീയർ എ.സുരേഷ്കുമാർ, സീനിയർ ഡിഇഎൻ മുഹമ്മദ് ഇസ്‌ലാം, ഡിവിഷനൽ ഒാപ്പറേറ്റിങ് മാനേജർ കെ.ബാലമുരളി, സീനിയർ ഡിസിഎം ഡോ.അരുൺകുമാർ കളത്തിങ്കൽ, ഡിഎസ്ഇ നവനീത് പ്രസാദ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
പാലക്കാടിന് അഭിനന്ദനം
പാലക്കാട്∙ പ്രവർത്തന മികവിനു ദേശീയ പുരസ്കാരം നേടിയ പാലക്കാട് ഡിവിഷനെ എംപിമാർ അഭിനന്ദിച്ചു. വി.കെ.ശ്രീകണ്ഠൻ എംപിയാണു ഡിവിഷന്റെ നേട്ടം എംപിമാരുടെ യോഗത്തിൽ അവതരിപ്പിച്ചത്.അഭിമാനകരമായ നേട്ടം നിലനിർത്തുന്ന പ്രവർത്തനം തുടരണമെന്നു പറഞ്ഞ വി.കെ.ശ്രീകണ്ഠൻ നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ച പാലക്കാട് ടീമിനെ പ്രത്യേകം അനുമോദിച്ചു .യാത്രക്കാരിൽ നിന്നുള്ള പരാതികൾ സ്വീകരിച്ചു നടപടി സ്വീകരിക്കുന്ന വാർ റൂമിന്റെ പ്രവർത്തനത്തിലും ദക്ഷിണ റെയിൽവേയിൽ പാലക്കാട് ഡിവിഷൻ ഒന്നാംസ്ഥാനം നേടിയിരുന്നു.