ആറങ്ങോട്ടുകുളമ്പിനെ വിറപ്പിച്ച് വീണ്ടും ഒറ്റയാൻ

Mail This Article
കൊട്ടേക്കാട് ∙ ആറങ്ങോട്ടുകുളമ്പിനെ വിറപ്പിച്ചു വീണ്ടും ഒറ്റയാന്റെ പരാക്രമണം. പിടി–5 എന്ന ചുരുളിക്കൊമ്പനാണ് ജനവാസ മേഖലയിറങ്ങി വ്യാപകമായി നാശനഷ്ടമുണ്ടാക്കിയത്. ആറങ്ങോട്ടുകുളമ്പ് സ്വദേശി മനോഹരന്റെ വീടിനു മുന്നിലെ ശുദ്ധജല പൈപ്‌ലൈനും, കെഎസ്ഇബി സർവീസ് വയറും ആന തകർത്തു. തൊട്ടടുത്ത പറമ്പിലെ 7 കമുകുകളും കുത്തി മറിച്ചിട്ടു. അൻപതോളം വാഴകളും നശിപ്പിച്ചു.രാത്രി മുഴുവൻ ജനവാസ മേഖലയിൽ തമ്പടിച്ചു നാശമുണ്ടായ ഒറ്റയാനെ പുലർച്ചെയാണ് തുരത്താനായത്. വനംവകുപ്പ് വാച്ചർമാരെത്തി പടക്കമെറിഞ്ഞ് ആനയെ കോരയാർ പുഴ വഴി കഞ്ചിക്കോട് ഉൾവനത്തിലേക്കു കടത്തി. കഴിഞ്ഞ മാസം 20 നും ഒറ്റയാൻ കൊട്ടേക്കാട് വിവിധയിടങ്ങളിലെത്തി നാശം വിതച്ചിരുന്നു. പുതുശ്ശേരി വേനോലിയിലും ഒറ്റയാൻ വീടിന്റെ മതിലും ഗേറ്റും തകർത്തിരുന്നു.ഏറെ അപകടകാരിയായ ചുരുളിക്കൊമ്പന്റെ സാന്നിധ്യത്തിൽ കൊട്ടേക്കാട്ടെ ജനവാസ മേഖല ഭീതിയിലാണ്. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ആശങ്കയിലാണ്. തമിഴ്നാട്ടിൽ നിന്നെത്തിയ കൊമ്പനെ തുരത്തിയ ശേഷം മേഖലയിൽ ചുരുളിക്കൊമ്പൻ, പിടി 14 എന്നീ ഒറ്റയാൻമാർ നാശം വിതയ്ക്കുന്നത് പതിവാണ്. ഈ രണ്ടു ഒറ്റയാന്മാരെയും ഉൾവനത്തിലേക്കു തുരത്താൻ വനംവകുപ്പ് പ്രത്യേക ദൗത്യം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.